തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ കെ ടി ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി തള്ളി, അദ്ദേഹത്തെ സംരക്ഷിക്കാനുള്ള സിപിഎം തീരുമാനം ജനാധിപത്യ വാഴ്‌ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോടതിയില്‍ നിന്ന് മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്പോള്‍ മന്ത്രിമാര്‍ രാജിവെയ്ക്കുന്നത് കേരള ജനാധിപത്യത്തിലെ പതിവാണ്. കെ എം മാണിക്കെതിരെ സംശയത്തിന്‍റെ പേരില്‍ മാത്രം കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജി വെയ്ക്കണമെന്ന് മുറവിളി കൂട്ടിയ സിപിഎം തന്നെയാണ് ഇപ്പോള്‍ ജലീലിനെ സംരക്ഷിക്കുന്നത്. സിപിഎം നടപടി അഴിമതിക്ക് അംഗീകാരം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി ഉള്‍പ്പടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ചെന്നിത്തല ആരോപിച്ചു.
കോടതി പരാമര്‍ശത്തിന്‍റെ പേരില്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന നിയമ മന്ത്രി എ കെ ബാലന്‍റെ പ്രസ്താവന ഇടതുമുന്നണി എത്ര മാത്രം ജീര്‍ണ്ണിച്ചുകഴിഞ്ഞു എന്നതിന് തെളിവാണ്. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഈ സര്‍ക്കാരിന് കേവലം ഒരു കാവല്‍ മന്ത്രിസഭയുടെ പദവിയേ ഉള്ളൂ. എതാനും ദിവസങ്ങള്‍ മാത്രമാണ് കാലാവധി അവശേഷിക്കുന്നത്. എന്നിട്ടും ജലീലിന് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ പിന്തുണ നല്‍കുന്ന സിപിഎം എത്രത്തോളം ജനവിരുദ്ധമായിക്കഴിഞ്ഞെന്ന് ജനം തിരിച്ചറിയണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.