തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളി രാമചന്ദ്രനോട് മുഖ്യമന്ത്രിക്ക് പണ്ടേ കുന്നായ്മയും കുടിപ്പകയുമുണ്ട്. സിപിഎമ്മിന്‍റെ തട്ടകത്തിൽ നിന്ന് വർഷങ്ങളായി വിജയിക്കുന്നതിന്‍റെ കുന്നായ്‌മയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി കുറച്ചു കൂടി നിലവാരത്തിൽ പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാരിന്‍റെ അഴിമതിയും ധൂർത്തും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പാവപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് മൂലമല്ല സാമ്പത്തിക പ്രതിസന്ധി. സാലറി ചലഞ്ചിൽ നിർബന്ധിച്ച് ശമ്പളം പിടിച്ചെടുക്കരുതെന്നാണ് ആവശ്യപ്പെട്ടത്. രണ്ടാം തവണയും സർക്കാർ ഉദ്യോഗസ്ഥരുടെ കഴുത്തിന് പിടിക്കരുത്. പ്രളയ ഫണ്ടിനു പിന്നാലെ കൊവിഡ് ഫണ്ടും തട്ടിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ലോക്ക് ഡൗണിനു ശേഷം വരുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് എം.കെ മുനീർ അധ്യക്ഷനായ യുഡിഎഫ് സമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രാഹുൽ ഗാന്ധിക്കും സമർപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു.