തിരുവനന്തപുരം: ഇഎംസിസി കരാറുമായി ബന്ധപ്പെട്ട ഫയൽ പുറത്തു വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുന്നത് കള്ളമാണെന്ന് ഈ ഫയൽ തെളിയിക്കും. കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും നിരന്തരമായി കള്ളം പറയുന്നു. മന്ത്രി രണ്ടു തവണ ഫയൽ കണ്ടുവെന്നും ചെന്നിത്തല പറഞ്ഞു.
ഇഎംസിസി കരാറുമായി ബന്ധപ്പെട്ട വിവരം തനിക്ക് തന്നത് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ജാക്‌സൺ പൊള്ളയിലാണെന്നും ചെന്നിത്തല വെളിപ്പെടുത്തി. ഐശ്വര്യ കേരള യാത്രക്കിടെയുള്ള സംവാദ പരിപാടിയായ ലിസണിങിൽ വച്ചാണ് ജാക്‌സൺ വിവരങ്ങൾ പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാക്കി വിവരങ്ങൾ ലഭിച്ചത്.
സർക്കാരിന്‍റെ കൊള്ളകൾ ഒന്നൊന്നായി പ്രതിപക്ഷം പൊളിക്കുമ്പോൾ മുഖ്യമന്ത്രിക്ക് അരിശമുണ്ടാവുക സ്വാഭാവികമാണെന്നും രാഹുൽ ഗാന്ധിയുടെ സാന്നിധ്യം മുഖ്യമന്ത്രി തീ പോലെ പേടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.