തിരുവനന്തപുരം: ഇ- മൊബൈലിറ്റി കരാർ കമ്പനിയായ പിഡബ്ല്യുസിയ്ക്ക് എതിരെ കൂടുതല്‍ തെളിവുകൾ പുറത്ത് വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഡബ്ലിയുസി സെക്രട്ടേറിയേറ്റിൽ ഓഫീസ് തുറക്കാൻ നീക്കം നടക്കുന്നതായി ചെന്നിത്തല പറഞ്ഞു. ഇതിന് ധനകാര്യ വകുപ്പ് അനുമതി നൽകി. ചീഫ് സെക്രട്ടറിക്ക് മുകളിൽ ലക്ഷങ്ങൾ ശമ്പളം നൽകിയാണ് പിഡബ്ലുസിയുടെ ഉദ്യോഗസ്ഥരെ സെക്രട്ടേറിയേറ്റിലെ ഓഫീസിൽ നിയമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അന്തിമ അനുമതിയ്ക്കായി ഫയൽ ഗതാഗത വകുപ്പ് മന്ത്രിയുടെ മുന്നിലാണ്. ഹെസുമായി ധാരണപത്രം ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. 2019 ജൂൺ 29ന് ധാരണപത്രം ഒപ്പിട്ടതായി ഹെസിന്‍റെ വെബ്സൈറ്റിൽ തന്നെ പറയുന്നതായും ചെന്നിത്തല വ്യക്തമാക്കി. പദ്ധതിക്കായി കച്ചവടം ഉറപ്പിച്ച ശേഷം കൺസൾട്ടൻസി നൽകുകയാണുണ്ടായതെന്നും പിഡബ്ല്യുസിക്ക് സെക്രട്ടേറിയേറ്റിനുള്ളിൽ ഓഫീസ് തുറക്കാനുള്ള തീരുമാനം ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം ആരോപണം ഉന്നയിച്ചത് കൊണ്ടാണ് ഓഫീസ് തുറക്കാത്തത്. ഫയൽ ഭംഗിയായി വായിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. ചീഫ് സെക്രട്ടറിയും ധനവകുപ്പും എന്താണ് ഫയലിൽ എഴുതിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉത്തരം മുട്ടുമ്പോൾ തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.