തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആരോപണം ഗൗരവം ഉള്ളതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ വിജയന്‍ ചെയ്‌തത് തെറ്റ് തന്നെയാണെന്നും ട്രിബ്യൂണലിന്‍റെ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വീണ വിജയനെതിരെ ഉയർന്ന ആരോപണം പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും നിയമസഭയിൽ ഉന്നയിക്കേണ്ട സന്ദർഭത്തിൽ അത് ഉന്നയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിൽ ഒരു തെറ്റുമില്ല. ഒരിക്കലും അഴിമതി ആരോപണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ കഴിയില്ല. അഴിമതി ആരോപണം ഉന്നയിക്കുമ്പോൾ അത് എഴുതി വേണം ഉന്നയിക്കാൻ. അഴിമതി ആരോപണത്തിന് ഒരിക്കലും അടിയന്തര പ്രമേയം അവതരിപ്പിച്ച ചരിത്രം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണത്തിലും പ്രതികരണം: താന്‍ കെപിസിസി പ്രസിഡന്‍റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പാർട്ടിക്ക് വേണ്ടി സംഭാവന പിരിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മൾ പിരിക്കുന്ന സംഭാവനകളെല്ലാം പാർട്ടി അക്കൗണ്ടിലുള്ള കാര്യമാണ്. പാർട്ടിയുടെ നടത്തിപ്പിന് വേണ്ടി പൊതുജനങ്ങളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങേണ്ടി വരും. അത് കേരളത്തിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. അതല്ലാതെ മറ്റ് കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ല.
തന്നെ സംബന്ധിച്ച് കാര്യങ്ങള്‍ വളരെ വ്യക്തമാണ്. താനും ഉമ്മൻചാണ്ടിയും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരുന്ന സമയത്ത് ഫണ്ടുകൾ പിരിച്ചിട്ടുണ്ട്. പിരിച്ച ഫണ്ടുകളുടെ മുഴുവന്‍ വിവരങ്ങളും പാർട്ടി അക്കൗണ്ടിൽ ഉള്ളതാണ്. മാധ്യമങ്ങൾ പറയുന്നത് താൻ ഒളിച്ചോടിയെന്നാണ്. എന്നാൽ എപ്പോഴും ഇതേ കുറിച്ച് സംസാരിക്കേണ്ട എന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
എത്ര രൂപയാണ് വാങ്ങിയത് എന്ന് തനിക്ക് ഓർമ്മയില്ല. പാർട്ടി പ്രവർത്തനത്തിന് വേണ്ടി കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാർട്ടികളും ഫണ്ട് പിരിക്കാറുണ്ട്. എന്നാലിപ്പോള്‍ ഫണ്ട് പിരിക്കുന്നത് നിയമപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീണ വിജയനെതിരെയുള്ള ആരോപണം: വീണ വിജയന്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി കൈപ്പറ്റിയെന്നാണ് ആരോപണം. 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്നും മാസപ്പടിയായി വന്‍ തുക ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇത്തരത്തില്‍ 1.72 കോടി രൂപ വീണ വിജയന്‍ കൈപ്പറ്റിയെന്നാണ് ആരോപണം. വീണയുടെ കമ്പനിയായ എക്‌സാ ലോജിക് സൊല്യൂഷന്‍സ് ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, സോഫ്‌റ്റ്‌വെയര്‍ സോനവങ്ങള്‍ എല്ലാം കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന് നല്‍കാമെന്ന കരാറിലാണ് പണം കൈപ്പറ്റിയത്. എന്നാല്‍ പണം കൈപ്പറ്റി എന്നല്ലാതെ യാതൊരുവിധ സേവനങ്ങളും കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന് നല്‍കിയിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തല്‍.