തിരുവനന്തപുരം: ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഭരണക്കൂടത്തെ സംരക്ഷിക്കാനായി മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളയാളാണ് ജസ്റ്റിസ് മണികുമാറെന്നും അദ്ദേഹത്തെ ചെയര്‍മാനായി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കരുതെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
2018ലെ മഹാപ്രളയം ഭരണകൂടത്തിന്‍റെ വീഴ്‌ച കൊണ്ട് സംഭവിച്ചതും മനുഷ്യ നിര്‍മിതവുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അന്ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയിയും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാറും പൊതു താത്പര്യ ഹര്‍ജികളിന്മേല്‍ സുവോമോട്ടോ നടപടി സ്വീകരിച്ചിരുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച വീഴ്‌ച കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എന്നാല്‍ തുടര്‍ന്ന് വന്ന ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞു.
കൊവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട ഡാറ്റ സ്പ്രിംഗ്ലളര്‍ കമ്പനിക്ക് മറിച്ച് കൊടുത്ത സംഭവത്തിലും ജസ്റ്റിസ് മണികുമാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുകയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നതാണ് എന്നാല്‍ ഇതില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണുണ്ടായത്. മാത്രമല്ല സര്‍ക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണ് അദ്ദേഹം ചെയതതെന്നും ഇക്കാരണങ്ങളാല്‍ ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞു.
കൂടാതെ മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷന്‍ 4 അനുസരിച്ച് സര്‍ക്കാരിന്‍റെ ശുപാര്‍ശ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനുമല്ല. ശുപാര്‍ശ തള്ളുന്നത് ഗവര്‍ണറുടെ അധികാര പരിധിയിലുള്ള കാര്യവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്നലെയാണ് (ഓഗസ്റ്റ് 7) ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് കത്തുമായി ചെന്നിത്തല ഗവര്‍ണരെ സമീപിച്ചത്.
തീരുമാനം മുതല്‍ എതിര്‍പ്പുമായി ചെന്നിത്തല: ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചതിന് പിന്നാലെ ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യവകാശ കമ്മിഷന്‍ ചെയര്‍മാനായി തീരുമാനിച്ചതില്‍ രമേശ് ചെന്നിത്തല അടക്കമുള്ള നിരവധി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിസ് എസ് മണികുമാറിന്‍റെ നിയമനം ഉദ്ദിഷ്‌ട കാര്യങ്ങള്‍ക്കുള്ള ഉപകാര സ്‌മരണയെന്ന് ചെന്നിത്തല ആരോപിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അഴിമതികളെ കുറിച്ച് അന്വേഷിക്കാനുള്ള തന്‍റെ നിരവധി പെറ്റിഷനുകളില്‍ തീരുമാനമെടുക്കാതെ അതിന്‍റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാര്‍.
സ്‌പ്രിംഗ്ലര്‍, ബ്രൂവറി പമ്പ മണല്‍ കടത്ത്, ബെവ്‌കോ ആപ്പ് തുടങ്ങിവയിലെല്ലാം തീരുമാനമെടുക്കാതെ സര്‍ക്കാരിനെ എസ് മണികുമാര്‍ സഹായിച്ചു. സര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി നീതി തേടിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടുകള്‍ എടുത്തയാളെ തന്നെ സുപ്രധാന പദവിയില്‍ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണെന്ന് വ്യക്തമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാറിന്‍റെ ഈ തീരുമാനം സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇദ്ദേഹത്തിന്‍റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടതില്ലെന്നും നേരത്തെ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.