തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ നടക്കുന്ന വേട്ടയാടല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്നും അദ്ദേഹം തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സുധാകരനെ ഒരു കാര്യവുമില്ലാതെയാണ് കേസില്‍പ്പെടുത്തിയത്.
മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ആദ്യ എഫ്ഐആറില്‍ സുധാകരന്‍റെ പേര് പോലും ഇല്ലായിരുന്നു. രാഷ്ട്രീയ പ്രതികാരത്തിന്‍റെ പേരില്‍ പിന്നീട് പ്രതി ചേര്‍ത്തതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. ഇതെല്ലാം രാഷ്ട്രീയമായി സര്‍ക്കാര്‍ നടത്തുന്ന നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സര്‍ക്കാറിന്‍റെ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്ന പ്രതിപക്ഷ നേതാക്കളെ നിശബ്‌ദരാക്കാനാണ് ശ്രമം. പ്രതിപക്ഷ നേതാവിനെതിരേയും കെപിസിസി പ്രസിഡന്‍റിനെതിരേയും കേസെടുത്ത് തങ്ങളെ നിശബ്‌ദരാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതുകയാണെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി. സര്‍ക്കാറിന്‍റെ അഴിമതി പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.
എത്ര കേസെടുത്താലും ഇത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു. ഈ അനാവശ്യ നീക്കങ്ങളെ പാര്‍ട്ടിയും യുഡിഎഫും ഒറ്റക്കെട്ടായി നേരിടും. സുധാകരനെതിരായ കേസിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന സിപിഎം ആരോപണം ശരിയല്ല. അത്തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സിപിഎം പേര് വെളിപ്പെടുത്തണം.
കോണ്‍ഗ്രസില്‍ നിന്ന് ആരും ഇത് ചെയ്യില്ല. ഒറ്റക്കെട്ടായി സുധാകരനൊപ്പം നില്‍ക്കും. കേസെടുത്ത് ഒതുക്കാമെന്ന് കരുതേണ്ട. തുടര്‍ ഭരണത്തില്‍ സിപിഎമ്മിന് അഹങ്കാരവും ധിക്കാരവുമാണ്. അതിന്‍റെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തകരെയും പ്രതിപക്ഷത്തെയും വേട്ടയാടുന്നത്. ഇത് വെള്ളരിക്ക പട്ടണമല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ് ചെയ്‌ത എംഎസ്എഫ് പ്രവര്‍ത്തകരെ വിലങ്ങ് വച്ചത് ശരിയായ നടപടിയല്ല. വിലങ്ങ് വയ്‌ക്കേണ്ടവരെ കേരള പോലീസ് വിലങ്ങ് വച്ചതുമില്ല. വ്യാജ രേഖ ചമച്ച് ആളുകളെ പറ്റിച്ച വിദ്യയെയും നിഖിലിനെയും വിലങ്ങ് വച്ചിരുന്നില്ല. ഇവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കി പരവതാനി വിരിക്കുകയാണ് ചെയ്‌തത്. ഇത് ജനങ്ങള്‍ മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന അഭിപ്രായമില്ല.
ആരോഗ്യപരമായ മത്സരം നടക്കട്ടെ. എഐസിസിയാണ് തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. വിജയിക്കുന്നവരെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 29നാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് നീട്ടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അഭിപ്രായമുണ്ട്. എന്നാല്‍ എ,ഐ ഗ്രൂപ്പുകള്‍ ഇതിനെ എതിര്‍ക്കുകയാണ്. അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് മാറ്റേണ്ടെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ അഭിപ്രായം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയുമാണ് മത്സര രംഗത്തുള്ളത്. എ ഗ്രൂപ്പ് പ്രതിനിധിയായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുന്നത്. അബിന്‍ വര്‍ക്കി ഐ ഗ്രൂപ്പ് പ്രതിനിധിയായും. ഇതോടൊപ്പം കെ.സി വേണുഗോപാലിന്‍റെ പിന്തുണയില്‍ ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ട്.
എ ഗ്രൂപ്പിനാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ശക്തമായ മത്സരം നടക്കുന്നതിനാല്‍ പ്രവചനം അസാധ്യമാണ്. എ ഗ്രൂപ്പില്‍ നിന്ന് രഹസ്യമായ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.സി വേണുഗോപാലിന്‍റെ പ്രതിനിധിയായി മത്സരിക്കുന്ന ബിനു ചുള്ളിയില്‍.