തിരുവനന്തപുരം : രാജ്യം കൊവിഡ് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ നാളുകളില്‍ രാഷ്ട്രത്തിന് കാവല്‍ നിന്ന കൊവിഡ് യോദ്ധാക്കളില്‍ കൂടുതല്‍ പേരും സ്ത്രീകളായിരുന്നുവെന്നത് അഭിമാനകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ സ്ത്രീകള്‍ നിസ്വാര്‍ഥ പരിചരണത്തിന്റെ ഉത്തമ മാതൃകയായെന്നും രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിച്ച ഇന്ത്യയിലെ വനിത നിയമസഭാ സാമാജികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഒന്നിനുപിറകെ ഒന്നായി സ്ത്രീകള്‍ നിലവിലെ പ്രതിബന്ധങ്ങള്‍ മുറിച്ചുകടക്കുകയാണ്. സായുധ സേനകളിലെ അവരുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഏറ്റവും ഒടുവിലത്തേത്. ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ്, ഗണിത ശാസ്ത്രം തുടങ്ങിയ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്.
ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ സ്വാഭാവികമാകേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെയായില്ല. ആഴത്തില്‍ വേരൂന്നിയ സാമൂഹിക മുന്‍വിധികള്‍ അവര്‍ അനുഭവിച്ചിട്ടുണ്ടെന്ന സത്യം നാം മനസിലാക്കണം. തൊഴില്‍ ശക്തിയിലെ സ്ത്രീകളുടെ അനുപാതം അവരുടെ കഴിവിന് അടുത്തെങ്ങുമെത്തിയില്ല.
രാഷ്ട്രീയത്തിലും അങ്ങനെ തന്നെ. സ്ത്രീകള്‍ കൂടുതല്‍ പേര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയിക്കുകയും വേണം. ദുഖകരമായ ഈ അവസ്ഥ ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണ്. പല രാജ്യങ്ങളിലും ഇതുവരെ ഒരു വനിത ഭരണാധികാരി പോലും ഉണ്ടായിട്ടില്ലെന്നിരിക്കെ ഇന്ത്യയ്ക്ക് കുറഞ്ഞത് ഒരു വനിത പ്രധാനമന്ത്രിയും വനിത രാഷ്ട്രപതിയും ഉണ്ടായിട്ടുണ്ട്.
ലിംഗ സമത്വത്തിന് മികച്ച തുടക്കമിടാന്‍ ഇന്ത്യയ്ക്കായിട്ടുണ്ടെന്നും നാം ഇതിനകം ഒരുപാട് മുന്നോട്ടുപോയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.