തിരുവനന്തപുരം: സൂപ്പർ സ്റ്റാർ രജനികാന്ത് (Rajinikanth) തലസ്ഥാന നഗരിയില്‍ എത്തുന്നു. രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ (TJ Gnanavel) സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് തിരുവനന്തപുരത്ത് എത്തുക (TJ Gnanavel next movie with Rajinikanth). ചിത്രീകരണവുമായി ബന്ധപ്പെട്ട് 10 ദിവസത്തേക്കാണ് രജനികാന്ത് തിരുവനന്തപുരത്ത് ഉണ്ടാകുക (Rajinikanth to arrive Thiruvananthapuram).
രജനികാന്തിന്‍റെ വരവിനെ തുടർന്ന് തലസ്ഥാന നഗരിയിൽ വൻ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരാധകരുടെ തള്ളിക്കയറ്റം മുന്നിൽക്കണ്ട് കനത്ത സുരക്ഷ വലയത്തിൽ തന്നെയാകും ചിത്രീകരണം. ഒക്ടോബർ മൂന്നിനാണ് താരം തലസ്ഥാന നഗരിയില്‍ എത്തുക.
തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് തിരുവനന്തപുരത്താണ്. ശംഖുമുഖത്തും വെള്ളായണി കാർഷിക കോളേജിലുമായാണ് ചിത്രീകരണം. കൂടാതെ നാഗർകോവില്‍, കന്യാകുമാരി എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടാകും.
സൂര്യ നായകനായി എത്തിയ 'ജയ് ഭീം' എന്ന സിനിമയ്‌ക്ക് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ്. ഒരു വ്യാജ എൻകൗണ്ടറിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്ര പശ്ചാത്തലമെന്നാണ് സൂചന. ഒരു മുസ്ലിം പൊലീസുകാരനായാണ് ചിത്രത്തില്‍ രജനികാന്ത് വേഷമിടുന്നത് എന്നും സൂചനയുണ്ട്.
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ, മലയാളികളുടെ പ്രിയ താരങ്ങളായ മഞ്ജു വാര്യര്‍, ഫഹദ് ഫാസിൽ, തെലുഗു സൂപ്പര്‍ താരം റാണ ദഗുപതി, ശർവാനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. ചിത്രീകരണത്തിനായി അമിതാഭ് ബച്ചൻ ഒഴുകെയുള്ളവർ തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.
ലൈക്കാ പ്രൊഡക്ഷൻസാണ് ആണ് സിനിമയുടെ നിര്‍മാണം. അനിരുദ്ധ രവിചന്ദറാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. രജനിയുടെ ഏറ്റവും ഒടുവില്‍ റിലീസായ ജയിലറിന് വേണ്ടി സംഗീതം ഒരുക്കിയതും അനിരുദ്ധ് ആയിരുന്നു.
നേരത്തെ 'കുസേലൻ', 'മുത്തു' തുടങ്ങി രജനികാന്ത് ചിത്രങ്ങളുടെ ഗാന രംഗങ്ങൾ കേരളത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഒരു രജനികാന്ത് സിനിമയുടെ പ്രസക്തഭാഗങ്ങൾ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അതേസമയം ഒരു സിനിമയുടെ ഭാഗമായി ആദ്യമായല്ല രജനികാന്ത് തിരുവനന്തപുരത്ത് എത്തുന്നത്.
സൂപ്പര്‍സ്‌റ്റാറിന്‍റെ മകൾ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്‌തൊരു സിനിമയ്‌ക്ക് വേണ്ടിയും രജനികാന്ത് തലസ്ഥാന നഗരിയില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തെ ഒരു പ്രശസ്‌ത അനിമേഷൻ സ്‌റ്റുഡിയോയിൽ വച്ചായിരുന്നു സിനിമയുടെ മോഷൻ ക്യാപ്‌ചര്‍ ടെക്നോളജി രജനികാന്തിനെ വച്ച് ചിത്രീകരിച്ചത്.