തിരുവനന്തപുരം: മലയാള സിനിമകൾ തന്‍റെ സിനിമ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചുവെന്ന് കന്നഡ സിനിമ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രാജ് ബി ഷെട്ടി (Raj b shetty). ലിജോ ജോസ് പെല്ലിശ്ശേരിയുടെ (lijo jose pellissery) ചിത്രങ്ങൾ കണ്ടു കിളി പോയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ പുതിയ ചിത്രം 'ടോബി'യുടെ (Tobby) പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു രാജ് ബി ഷെട്ടി.
രാജ് ബി ഷെട്ടി മുഖ്യ കഥാപാത്രമായി എത്തിയ 'ടോബി' എന്ന ചിത്രത്തിലെ പ്രകടനത്തിന് സമൂഹ മാധ്യമങ്ങളിലടക്കം വലിയ അംഗീകാരമാണ് ലഭിച്ച് വരുന്നത്. ഉൾനാടൻ കർണാടക സാമൂഹിക പശ്ചാത്തലത്തിൽ അനാഥനായ ടോബി എന്നയാളുടെ നിസ്സഹായമായ ജീവിത പശ്ചാത്തലം കൊമേർഷ്യൽ ചിത്രത്തിന്‍റെ ചേരുവകളോടെ തയ്യാറാക്കിയ ചിത്രത്തിന്‍റെ തിരക്കഥയും രാജ് ബി ഷെട്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്.
അൻവർ റഷീദിന്‍റെ 'ഉസ്‌താദ് ഹോട്ടൽ' (Ustad hotel) ആയിരുന്നു ആദ്യം കണ്ട മലയാള ചിത്രം. ചെറുപ്പ കാലത്ത് വീട്ടിൽ ടി വി ഉണ്ടായിരുന്നില്ല. പിന്നീടാണ് ടി വി വന്നത്.
ആദ്യം ഡി ഡി വൺ ചാനൽ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഭാഷ ചിത്രങ്ങൾ കാണാൻ കഴിഞ്ഞത് വളരെ വൈകിയാണ്. 'ബാംഗ്ലൂർ ഡേയ്‌സ്', 'ഓം ശാന്തി ഓശാന', 'മഹേഷിന്‍റെ പ്രതികാരം' എന്നീ ചിത്രങ്ങൾ തിയേറ്ററിൽ പോയി കണ്ടു.
വൈകാരികത നിലനിർത്തി കൊണ്ട് തന്നെ കൊമേഴ്സ്യൽ ചിത്രങ്ങൾ നിർമിക്കാനാകുമെന്ന് മലയാള സിനിമകളിൽ നിന്ന് വ്യക്തമായി. വളരെ വലിയ സംവിധായകർ മലയാളത്തിലുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഇ മ യൗ' അതിശയകരമായി തോന്നി.
അങ്കമാലി ഡയറീസും ലിജോ ജോസിന്‍റെ ഇഷ്‌ടപ്പെട്ട മറ്റൊരു സിനിമയാണ്. ദിലീഷ് പോത്തന്‍റെ സിനിമകളോടും താത്പര്യമുണ്ട്. പഴയകാല മലയാള സിനിമകളും ഇനി കാണണമെന്നാണ് ആഗ്രഹം.
ഭാഷയുടെയും സംസ്‌കാരത്തിന്‍റെയും അതിരുകൾ ഇപ്പോൾ ഭേദിക്കപ്പെട്ടു. കന്നഡ സിനിമകൾ ഇവിടെയും മലയാള സിനിമകൾ കർണാടകയിലും ഒരേ സമയത്താണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. താൻ ജനിച്ച കർണാടകയിലെ ഭദ്രാവതിയിലെ ജനങ്ങൾക്ക് സിനിമയോട് വലിയ അഭിനിവേശമുണ്ട്.
വലിയ ആഘോഷമായാണ് എല്ലാവരും തിയറ്ററുകളിലേക്ക് പോയിരുന്നത്. സിനിമക്ക് പോകാൻ കാശ് ഇല്ലായിരുന്നപ്പോൾ തിയേറ്ററിന്‍റെ പുറത്ത് നിന്ന് ശബ്‌ദം കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. സിനിമയെ വലിയ ബഹുമാനമായിരുന്നു എപ്പോഴും.
ആദ്യം അഭിനയിക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. സ്വന്തം സിനിമയ്ക്ക് വേണ്ടിയാണ് അഭിനയത്തെ കുറിച്ച് ആഴത്തിൽ മനസിലാക്കാൻ ശ്രമിച്ചത്. പിന്നീട് അഭിനയം പഠിപ്പിക്കാനും കുറച്ച് നാൾ പോയിരുന്നു.
അങ്ങനെയാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം ലഭിക്കുന്നത്. ഞാൻ തന്നെ എഴുതിയ കഥാപാത്രം ചെയ്യുമ്പോൾ കുറച്ച് കൂടി ഉറപ്പുണ്ട്. തിരക്കഥ തന്നെ ആവശ്യപ്പെടുന്ന റോൾ ചെയ്യാനാണ് തനിക്ക് താത്പര്യം.
അത് പ്രധാന കഥാപാത്രമാകണമെന്ന് നിർബന്ധമില്ല. കാന്താരയിൽ പിന്നണിയിൽ പ്രവർത്തിച്ചത് അങ്ങനെയാണ്. അവതരിപ്പിക്കാൻ കഴിഞ്ഞ കഥാപാത്രങ്ങളെല്ലാം വ്യത്യസ്‌തമാണെന്ന് വിശ്വസിക്കുന്നു. സിനിമക്ക് അകത്തും പുറത്തും അസ്വാഭാവികമായി അഭിനയിക്കാൻ താത്പര്യമില്ല.
അങ്ങനെയുള്ള കഥാപാത്രങ്ങളോടാണ് താത്പര്യം. പങ്കെടുത്ത സിനിമകളിൽ പലതും ആ നാടിന്‍റെ കഥയായിരുന്നു. എന്‍റെ രക്തത്തിലുള്ള കഥയാണ് എന്‍റെ നാടിന്‍റെ കഥ. നാടിന്‍റെ സംസ്‌കാരത്തെ തന്‍റെ ചിത്രങ്ങളിലൂടെ ഡോക്യുമെന്‍റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് എപ്പോഴും പഠിക്കാൻ എന്തെങ്കിലും ബാക്കിയുണ്ടെന്നും രാജ് ബി ഷെട്ടി പറഞ്ഞു.