തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാന വ്യാപകമായി തന്നെ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീരത്ത് കാലവര്‍ഷക്കാറ്റ് കൂടുതല്‍ അനുകൂലമായതോടെയാണ് മഴ ശക്തമാകുന്നത്.
നാളെ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ച ജില്ലകള്‍: മൂന്ന് ദിവസം കൂടി അതിശക്തമായ മഴ സംസ്ഥാന വ്യാപകമായി തുടരും. നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും 10 ജില്ലകളില്‍ ഓറഞ്ചും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന വ്യപകമായി തന്നെ ഇന്ന് ശക്തമായ മഴയാണ് ലഭിക്കുന്നത്. മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇതേതുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരമേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്‍റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ന്യുനമര്‍ദ്ദ പാത്തിയും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതചുഴികളും നിലനില്‍ക്കുന്നുണ്ട്.
ഇവയുടെ എല്ലാം പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ മൂന്ന് മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 45 സെന്‍റിമീറ്റര്‍ മുതല്‍ 55 സെന്‍റിമീറ്റര്‍ വരെ വേഗതയില്‍ കടലാക്രമണം ഉണ്ടാകുമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിനു സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍: അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കേണ്ട സാഹചര്യമുണ്ടായാല്‍ സഹകരിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. സ്വകാര്യ പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്‌റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം.
അപകടാവസ്ഥയിലുള്ള ഇത്തരം സാഹചര്യങ്ങള്‍ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരന്ത സാധ്യതയുള്ള മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ച് കടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ ഇറങ്ങാന്‍ പാടില്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായും ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു പോസ്‌റ്റുകള്‍ തകര്‍ന്നുവീണു ഉണ്ടാകാന്‍ ഇടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.
തീരദേശവാസികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം: കടല്‍ക്ഷോഭം രൂക്ഷമായാല്‍ അധികൃതരുടെ നിര്‍ദേശം സ്വീകരിച്ച് മാറി താമസിക്കണം. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട്, വള്ളം മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലത്തില്‍ കെട്ടിയിടാന്‍ ശ്രദ്ധിക്കണം. അപകട സാധ്യത കണക്കിലെടുത്ത് ബീച്ചിലേക്കുള്ള യാത്രയും വെള്ളത്തില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.