തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ നേരത്തെ രൂപപ്പെട്ട ന്യൂനമർദം കൂടാതെ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകും എന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ന്യൂനമർദം നാളെ കൂടുതൽ ശക്തമാകും. ഇന്ന് സംസ്ഥാനത്ത് മുഴുവൻ ശക്തമായ മഴ ലഭിക്കും. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാകും മഴ ശക്തമായി ലഭിക്കുക.
ഇന്ന് ആറ് ജില്ലകളിൽ റെഡ് അലർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, ജില്ലകളില്‍ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മഴ തുടരും.
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയതിനാൽ ദുരന്ത സാധ്യത മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. കേരളത്തിലുള്ള കേന്ദ്രസേനയ്ക്ക് തയാറാകാൻ സർക്കാർ നിർദ്ദേശം നൽകി. കേരള തീരത്തുള്ള മത്സ്യതൊഴിലാളികൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. തിരുവനന്തപുരത്ത് നെയ്യാർ ഡാമിൻ്റേയും അരുവിക്കര ഡാമിന്‍റെയും ഷട്ടറുകൾ ഉയർത്തി. നെയ്യാർ ഡാമിലെ നാല് ഷട്ടറുകളും അരുവിക്കരയിൽ രണ്ട് ഷട്ടറുകളുമാണ് ആണ് ഉയർത്തിയത്.