തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ആർ. മുകുന്ദ്. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കൊവിഡ് മാനദണ്ഡങൾ കർശനമായി നടപ്പാക്കും. മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഫൈൻ ഈടാക്കും.
പ്ലാറ്റ് ഫോം ടിക്കറ്റുകൾ നൽകില്ല. മെമു, പുനലൂർ- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ റിസർവ് ചെയ്യാതെയുള്ള യാത്ര അനുവദിക്കുന്നത് തുടരും. എന്നാൽ മറ്റ് ട്രെയിനുകളിൽ റിസർവേഷൻ ഇല്ലാതെ യാത്ര അനുവദിക്കില്ല. പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല. റെയിൽവേ ഉദ്യോഗസ്ഥർക്ക് എല്ലാം കൊവിഡ് വാക്സിൻ നൽകും. നിലവിലുള്ള ട്രെയിൻ സർവീസുകൾ തുടരും. സർവീസുകൾ നിർത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ആർ. മുകുന്ദ് വ്യക്തമാക്കി.