തിരുവനന്തപുരം: ഡിവൈഎഫ്ഐ വിജയൻ സേനയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. (Rahul Mankootathil Criticize CM Pinarayi Vijayan And DYFI). യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തല അടിച്ചു പൊളിക്കുന്നതാണോ ഡിവൈഎഫ്ഐയുടെ രക്ഷാപ്രവർത്തനമെന്ന് ചോദിച്ച രാഹുൽ, മുഖ്യമന്ത്രിയുടെ തോന്ന്യവാസത്തിനെതിരെ ഇനിയും തെരുവിൽ ഇറങ്ങുമെന്നും വ്യക്തമാക്കി. ഡിവൈഎഫ്ഐയെ ഇനി വിജയൻ സേനയെന്ന് വിളിച്ചാൽ മതി. വിജയൻ സേനയെന്ന വാനര സേനയെ തുരത്തും. പോലീസ് വധശ്രമത്തിനു കേസ് എടുത്തതിനെയാണോ മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്ന് പറയുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
എകെജിയുടെ ഗോപാല സേനയെന്ന (Gopala Sena) പോലെ വിജയൻ സേനയുമായി പിണറായി തെരുവിൽ ഇറങ്ങിയാൽ നേരിടും. യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ പ്രവർത്തകരുടെ പരാതിയും ആശങ്കയും സംഘടന കേൾക്കും. ഏത് അന്വേഷണവുമായും സഹകരിക്കും. വാടിക്കൽ രാമകൃഷ്‌ണൻ കൊല്ലപ്പെട്ടത് പിണറായി വിജയന്‍റെ രക്ഷാപ്രവർത്തനത്തിനിടെയെന്ന് ഇന്നലെ ബോധ്യമായെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേര്‍ത്തു.