തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചു. കഴക്കൂട്ടം മുതല്‍ കല്ലമ്പലം വരെയാണ് ഇന്നത്തെ പര്യടനം. രാവിലെ 7 മണിക്ക് കഴക്കൂട്ടത്ത് നിന്നാരംഭിച്ച പദയാത്ര ആറ്റിങ്ങല്‍ മാമം പൂജ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഒന്നാംഘട്ടം അവസാനിപ്പിച്ചു.
വൈകുന്നേരം നാല് മണിക്ക് വീണ്ടും ആറ്റിങ്ങലില്‍ നിന്ന് കല്ലമ്പലത്തേക്ക് പര്യടനം ആരംഭിക്കും. യാത്രയുടെ ഇടവേളയില്‍ ഉച്ചയ്ക്ക് 2.45ന് രാഹുല്‍ ഗാന്ധി കെ. റെയില്‍ വിരുദ്ധ സമര സമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാന സര്‍ക്കാറിന്‍റെ കെ. റെയില്‍ പദ്ധതി അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം എന്നാണ് സമര സമിതിയുടെ തീരുമാനം. ഇതിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
also read:കുട്ടിക്കളിക്കാരെ ചേര്‍ത്തുപിടിച്ച് രാഹുല്‍; അടുത്തവട്ടം ഒന്നിച്ചു കളിക്കാമെന്ന് ഉറപ്പ്
ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ച. ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുമായും ഇന്ന് രാഹുല്‍ ഗാന്ധി സംവദിക്കും. വൈകുന്നേരം 7 മണിക്ക് ഇന്നത്തെ യാത്ര സമാപിക്കുന്ന കല്ലമ്പലത്ത് ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.