തിരുവനന്തപുരം : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് (12-09-2022) വിഴിഞ്ഞം സമര സമിതി നേതാക്കളെ കാണും. ഉച്ചയ്ക്കാണ് കൂടിക്കാഴ്ച. രാവിലെ ഏഴിന് നേമത്ത് നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാം ദിവസത്തെ പര്യടനത്തിലെ ആദ്യ ഘട്ടം രാവിലെ പത്തിന് പട്ടത്ത് അവസാനിക്കും. അതേ സമയം രാഹുല്‍ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും.
ഇന്നത്തെ പദയാത്രയില്‍, മുതലപ്പൊഴിയില്‍ മരിച്ച മത്സ്യ തൊഴിലാളികളുടെ കുടുംബം രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ അണികളും യാത്രയില്‍ രാഹുലിനെ അനുഗമിക്കും. ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാമത്സരത്തിൽ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും കോണ്‍ഗ്രസ് നേതാവ് ഇന്ന് നടത്തും.
കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സന്ദർശിക്കുന്ന രാഹുല്‍ ഗാന്ധി സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് ഇന്ന് ഉച്ചഭക്ഷണം കഴിക്കുക.