തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലെ റാഗിങ് പരാതിയിൽ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ. അഞ്ചാംക്ലാസ് വിദ്യാർഥിനികളെ പത്താംക്ലാസ് വിദ്യാർഥിനികൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവം വിവാദമായതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ. വ്യാഴാഴ്‌ച നടന്ന സംഭവത്തിന് ഒരു മാസം മുൻപ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ തന്നെയും സുഹൃത്തിനെയും പടിയിൽ നിന്ന് തള്ളി താഴെയിട്ടുവെന്നും സുഹൃത്ത് വീണുവെന്നും സ്‌കൂളിൽ മുതിർന്ന വിദ്യാർഥികളുടെ റാഗിങ് നിത്യസംഭവമാണെന്നും വിദ്യാര്‍ഥി പറഞ്ഞു.
ഇക്കാര്യങ്ങൾ പുറത്തുപറയരുതെന്ന് അധ്യാപകർ നിർദേശം നൽകിയതായും ആക്ഷേപമുണ്ട്. അതേസമയം വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ ഉത്തരവാദികളായ വിദ്യാർഥിനികൾക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രിൻസിപ്പാൾ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ യോഗം വിദ്യാഭ്യാസമന്ത്രി വിളിച്ചിരുന്നു.
സ്‌കൂളിലെ അധ്യാപകരെ മന്ത്രി ഇന്ന് ചേംബറിലേക്ക് വിളിച്ചു വരുത്തുകയും ചെയ്‌തു. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്‌ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.