തിരുവനന്തപുരം: ഫയർഫോഴ്‌സ് മേധാവിയായി ആർ ശ്രീലേഖ ഐപിഎസ് ചുമതലയേറ്റു. തിരുവനന്തപുരത്ത് ഫയർഫോഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എ ഹേമചന്ദ്രൻ ചുമതല കൈമാറി. സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയാണ് ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ, കോളജ് അധ്യാപികയായും റിസർവ് ബാങ്ക് ഉദ്യോഗസ്ഥയായും പ്രവർത്തിച്ച ശേഷമാണ് സിവിൽ സർവീസിലേക്ക് എത്തിയത്.
ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളില്‍ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. സിബിഐ കൊച്ചി, ന്യൂഡൽഹി കേന്ദ്രങ്ങളിലും ജോലി ചെയ്തു. എറണാകുളം ഡിഐജി ആയിരുന്നു. റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ, റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ എന്നിവയുടെ എംഡി ആയി പ്രവർത്തിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി, വിജിലൻസ് ഡയറക്ടർ, ഇന്‍റലിജന്‍സ് എഡിജിപി, ജയിൽമേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.