തിരുവനന്തപുരം: മാധ്യമങ്ങൾക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കേരളത്തില്‍ സമീപകാലത്തുണ്ടായ പൊലീസ് നടപടിയും ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്‍റെ നടപടിയും രണ്ടായി കാണണമെന്ന് കൊല്‍ക്കത്തയില്‍ നിന്ന് പുറത്തിറങ്ങുന്ന ദി ടെലിഗ്രാഫ് പത്രത്തിന്‍റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആയി ചുമതലയേറ്റെടുത്ത മലയാളിയായ ആര്‍ രാജഗോപാല്‍ (R Rajagopal on News Click Raid- Malayalam Media Did Not Give Importance). ന്യൂസ് ക്ലിക്കിന്‍റെ ഓഫീസില്‍ റെയ്‌ഡ് നടത്തി 43 ഓളം മാദ്ധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത നടപടിക്കെതിരെ കെയുഡബ്‌ളിയുജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'മിണ്ടാനാണ് തീരുമാനം' ഐക്യദാര്‍ഢ്യ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടായ പൊലീസ് നടപടി അപലപിക്കപ്പെടേണ്ട ഒന്നു തന്നെയാണ്. എന്നാല്‍ ന്യൂസ് ക്ലിക്കിന്‍റെ ഓഫീസില്‍ 113 മണിക്കൂറോളം നടന്ന റെയ്‌ഡും മാധ്യമ പ്രവര്‍ത്തകരുട അറസ്റ്റും ഇന്ത്യന്‍ മാധ്യമ സംവിധാനത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ്. ന്യൂസ് ക്ലിക്കിനെതിരെ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഈ എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ കണക്കിലെടുത്താല്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തനം നടത്താനാകില്ല. മനുഷ്യന്‍റെ മൗലികമായ അവകാശങ്ങള്‍ പോലും കുറ്റകരമാണ് എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്."- ആര്‍ രാജഗോപാല്‍ വ്യക്തമാക്കി.
പത്രപ്രവര്‍ത്തനത്തിന് ഇത്രയേറെ വെല്ലുവിളി ഉയര്‍ത്തുന്ന സംഭവമായിട്ടും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളാരും എഫ്‌ഐആറിന്‍റെ ഉള്ളടക്കത്തെ പ്രധാന്യത്തോടെ നല്‍കാന്‍ തയ്യാറായില്ലെന്നത് ഖേദകരമാണെന്നും ആര്‍ രാജഗോപാല്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിനു മലയാള മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യം ന്യൂസ് ക്ലിക്കിന്‍റെ കാര്യത്തിലും നല്‍കണമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മാദ്ധ്യമങ്ങള്‍ക്കെതിരെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തിരിഞ്ഞപ്പോള്‍ എഡിറ്റര്‍മാരുടെ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകര്‍ തെരുവുകളില്‍ പ്രതിഷേധിച്ചു. എന്നാല്‍ ഇന്ന് എഡിറ്റര്‍മാര്‍ ഇത്തരം കാര്യങ്ങള്‍ക്കെതിരെ രംഗത്തു വരുന്നില്ലെന്നും ആര്‍ രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
"ന്യൂസ് റൂമില്‍ എഡിറ്ററുടെ അഭിപ്രായത്തിനപ്പുറം ഏതു വാര്‍ത്തയ്ക്കാണ് വാര്‍ത്താ പ്രാധാന്യം എന്ന് എഡിറ്ററോടു വാദിച്ചു ജയിക്കാനുള്ള ധൈര്യം പത്രപ്രവര്‍ത്തകര്‍ക്കുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ അത്തരം ധൈര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇന്നു കുറഞ്ഞു വരികയാണ്. അത്തരം മാധ്യമ പ്രവര്‍ത്തകര്‍ ഇന്നുണ്ടാകുന്നില്ലെന്നു തന്നെ പറയണം. ന്യൂസ് ക്ലിക്കിനെതിരെയുള്ള റെയ്‌ഡിനെയും അറസ്റ്റിനെയും മലയാള പത്രങ്ങള്‍ തീര്‍ത്തും അവഗണിക്കുകയായിരുന്നു. ഇസ്രായേല്‍ യുദ്ധവും ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ ലഭിച്ചതുമൊക്കെ അമിത പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയ മലയാള പത്രങ്ങള്‍ക്ക് അതേ പ്രാധാന്യം ന്യൂസ് ക്ലിക്കിന്‍റെ കാര്യത്തിലും നല്‍കാമായിരുന്നു. നമ്മുടെ ഭാവി പത്രപ്രവര്‍ത്തനത്തിനു ഭീഷണിയാണ് ഈ സംഭവം എന്നകാര്യം മലയാള പത്രങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു."- രാജഗോപാൽ പറഞ്ഞു.
വാര്‍ത്താ വായനക്കാരെ അരാഷ്ട്രവത്കരിക്കാനുള്ള ഒരുപാധിയായി സ്‌പോര്‍ട്‌സ് ജേര്‍ണലിസം ഇന്ന് മാറുന്നതായും രാജഗോപാൽ കുറ്റപ്പെടുത്തി. 90 കളില്‍ ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങളെ ഇത്തരത്തില്‍ ഉപയോഗിച്ചതിനു സമാനമാണ് ഇന്നത്തെ കാര്യങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത കൈകാര്യം ചെയ്യുന്ന രീതി മാറി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നത് പത്ര പ്രവര്‍ത്തനത്തില്‍ അത്ര നല്ലതല്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേർത്തു.