തിരുവനന്തപുരം: ആം ആദ്‌മി പാര്‍ട്ടി (AAP) ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ മദ്യനയ കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ അത്തരം വിവാദങ്ങളില്‍ പെടാതിരിക്കാന്‍ കരുതല്‍ നീക്കവുമായി ആംആദ്‌മി പാര്‍ട്ടി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ പഞ്ചാബ്. ഇതിന്‍റെ ഭാഗമായി കേരളത്തിലെ മദ്യനയവും ബിവറേജസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങളും പഠിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള ഉന്നത സംഘമെത്തി. പഞ്ചാബ് ധനകാര്യ - എക്‌സൈസ് മന്ത്രി ഹര്‍പാല്‍ സിങ് ചീമയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെത്തിയത്.
കേരളത്തിലെത്തിയ പഞ്ചാബ് മന്ത്രി സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എംബി രാജേഷുമായുള്ള കൂടിക്കാഴ്‌ചയില്‍ പൊതുമേഖല സ്ഥാപനമായ ബിവറേജസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഹര്‍പാല്‍ സിങ് ചീമ ചോദിച്ച് മനസിലാക്കി. ബിവറേജസ് കോര്‍പ്പറേഷന്‍റെ അനുകരണീയ മാതൃക പഞ്ചാബില്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഹര്‍പാല്‍ സിങ് ചീമ അഭിപ്രായപ്പെട്ടതായി എംബി രാജേഷ് അറിയിച്ചു.
നിലവില്‍ സ്വകാര്യ മേഖല കേന്ദ്രീകരിച്ചാണ് പഞ്ചാബിലെ മദ്യവില്‍പ്പന. കേരളത്തിലെ എക്‌സൈസ് വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും മന്ത്രി എംബി രാജേഷ് പഞ്ചാബ് മന്ത്രിയോടും സംഘത്തോടും വിവരിച്ചു. നാല് ദിവസം കേരളത്തില്‍ ചെലവഴിക്കുന്ന സംഘം മദ്യത്തിന്‍റെ വിതരണ ശൃംഖലയും എക്‌സൈസ് സേനയുടെ ഇടപെടലും മനസിലാക്കി.
തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (ബെവ്കോ) ആസ്ഥാനവും കരിക്കകത്തുള്ള റീട്ടെയിൽ ഔട്ട്ലെറ്റും കഴക്കൂട്ടത്തിന് സമീപം മേനംകുളത്ത് പ്രവര്‍ത്തിക്കുന്ന വെയർഹൗസും സംഘം സന്ദർശിച്ചിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയും എഡിജിപിയുമായ യോഗേഷ് ഗുപ്‌തയുമായും സംഘം കൂടിക്കാഴ്‌ച നടത്തി.
പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമയ്‌ക്ക് പുറമെ ധനകാര്യ കമ്മീഷണര്‍ വികാസ് പ്രതാപ്, എക്‌സൈസ് കമ്മിഷണര്‍ വരുണ്‍ റൂജം, എക്‌സൈസ് ജോയിന്‍റ് കമ്മിഷണര്‍ രാജ്‌പാല്‍ സിങ്, ഖൈറ, അശോക് ചലോത്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അഡീഷണല്‍ കമ്മിഷണര്‍ ഡി രാജീവ്, ഡെപ്യൂട്ടി കമ്മിഷണര്‍ ബി രാധാകൃഷ്‌ണന്‍ എന്നിവരെയും സംഘം സന്ദര്‍ശിച്ചിരുന്നു.
More Read : രോഗബാധിതയായ ഭാര്യയെ കാണുന്നതിന് മനീഷ് സിസോദിയയ്‌ക്ക് അനുമതി; 'ഫോണും ഇന്‍റർനെറ്റും ഉപയോഗിക്കരുത്'
മദ്യനയ അഴിമതിക്കേസിലാണ് ഡല്‍ഹിയില്‍ ആം ആദ്‌മി നേതാവും മന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്‌തത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരി 26നായിരുന്നു ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സിസോദിയ അറസ്റ്റിലാകുന്നത്. നിലവില്‍ തിഹാര്‍ ജയിലിലാണ് അദ്ദേഹം.
ഇതിനിടെ, രോഗ ബാധിതയായ ഭാര്യയെ കാണുന്നതിന് ഡല്‍ഹി ഹൈക്കോടതി സിസോദിയക്ക് അനുമതി നല്‍കിയിരുന്നു. ജൂണ്‍ രണ്ടിനായിരുന്നു ഇതില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിക്ക് കേടതി അനുമനതി നല്‍കിയത്.