തിരുവനന്തപുരം: 492 റാങ്ക് പട്ടികകളുടെ കാലാവധി ഓഗസ്റ്റ് നാലിന് തീരാനിരിക്കെ കാലവധി നീട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു തന്നെ. ഈ സാഹചര്യത്തില്‍ സര്‍ക്കാരും ഉദ്യോഗാര്‍ഥികളും തമ്മിലുള്ള മുഖാമുഖ പോരാട്ടത്തിന് കളമൊരുങ്ങി.
കാലാവധി തീരുന്ന റാങ്ക് പട്ടികകള്‍ക്കു പകരം പുതിയ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികള്‍ അതിവേഗം ആരംഭിക്കാന്‍ തിങ്കളാഴ്ചത്തെ പിഎസ്‌സി യോഗം തീരുമാനിച്ചിട്ടുണ്ട്. സമരം തുടരുമെന്ന് റാങ്ക് ഹോള്‍ഡര്‍മാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കാലാവധി നീട്ടാന്‍ മന്ത്രിസഭ ശിപാര്‍ശ ചെയ്യില്ലെന്ന് മുഖ്യമന്ത്രി അസന്നിഗ്‌ധമായി പ്രഖ്യാപിച്ചതോടെ ഒരേ സമയം നിയമ പോരാട്ടത്തിന്‍റെയും സമരത്തിന്‍റെയും നാളുകള്‍ക്കാണ് ഉദ്യോഗാര്‍ഥികള്‍ തയ്യാറെടുക്കുന്നത്. അതിനിടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി സെപ്തംബര്‍ 29 വരെ നീട്ടണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കിയത് ഉദ്യോഗാര്‍ഥികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
റാങ്ക് പട്ടിക നീട്ടുന്നത് അശാസ്ത്രീയ സമീപനമെന്ന് മുഖ്യമന്ത്രി
പകരം റാങ്ക് പട്ടിക നിലവിലില്ലാത്ത പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ പട്ടിക തയ്യാറാകും വരെ നിലവിലെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ആവശ്യമാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടു വയ്ക്കുന്നത്. മുഴുവൻ ആളുകള്‍ക്കും ജോലി ലഭിക്കുന്നതുവരെ റാങ്ക് പട്ടിക നീട്ടുക എന്ന അശാസ്ത്രീയ സമീപനം സ്വീകരിക്കാനാകില്ലെന്നും റാങ്ക് പട്ടികയില്‍ കടന്നു കൂടിയവരെക്കാള്‍ കൂടുതല്‍ ആളുകള്‍ റാങ്ക് പട്ടികയ്ക്ക് പുറത്തുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു ഒരിക്കല്‍ കാലാവധി നീട്ടി നല്‍കിയ റാങ്ക് ലിസ്റ്റുകള്‍ വീണ്ടും നീട്ടുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.
ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിയെന്ന് ഉറപ്പ്
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് ഇതേ ആവശ്യം ഉന്നയിച്ച് വിവിധ റാങ്ക് പട്ടികയിലുള്ളവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയത്. സമരം രാഷ്ട്രീയമായി കത്തിപ്പടരുകയും പ്രതിപക്ഷം സമരം ഏറ്റെടുക്കുകയും ചെയ്തതോടെ ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്‌വൈസ് മെമ്മോ നല്‍കുമെന്നും സര്‍ക്കാര്‍ അന്ന് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ ഉടന്‍ തെരഞ്ഞെടുപ്പുകളൊന്നും നടക്കാനിടയില്ലാത്തതതിനാല്‍ സമരം ഏറ്റെടുക്കുന്നതിനോട് യുഡിഎഫിനും വലിയ താത്പര്യമില്ല.