തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ട പിഎസ്‌സി ചേദ്യപേപ്പർ ചോർത്തിയ കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിലെ സാങ്കേതിക പിഴവകൾ പരിഹരിച്ച് ക്രൈംബ്രാഞ്ച് വീണ്ടും സമർപ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ സമർപ്പിച്ച കുറ്റപത്രമാണ് തൊണ്ടി സാധനങ്ങളുടെ നമ്പരുകൾ രേഖപ്പെടുത്തിയതിൽ ഉദ്യോഗസ്ഥർക്കുണ്ടായ പിഴവുമൂലം കോടതി അംഗീകരിക്കാതെ തിരികെ നല്‍കിയത്.
എസ്‌എഫ്‌ഐ മുൻ നേതാക്കളായ ശിവരഞ്ജിത്, നസീം, പ്രണവ്, മുൻ പൊലീസ് കോൺസ്‌റ്റബിളായ ഗോകുൽ, സഫീർ എന്നിവരാണ് ചോദ്യപ്പേപ്പർ ചോർച്ച കേസിലെ പ്രതികൾ. ഇവർക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ പരീക്ഷയെഴുതിയ ജില്ലയിലെ വിവിധ പി.എസ്.സി കേന്ദ്രങ്ങളിലെ നിരീക്ഷകരെ കുറ്റപത്രത്തിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.
വൻ തട്ടിപ്പ്: ഐടി നിയമം, വഞ്ചന, ഗുഢാലോചന തുടങ്ങി ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു ക്രൈംഞ്ച്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. 2019 ജൂലൈ 22ന് പിഎസ്‌സി നടത്തിയ കോൺസ്‌റ്റബിൾ പരീക്ഷയിലാണ് തട്ടിപ്പ് നടത്തിയത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ ഉയര്‍ന്ന റാങ്കുകൾ നേടിയാണ് ഈ പരീക്ഷയിൽ ജയിച്ചത്.
ശിവരഞ്ജിത്തിന് 1-ാം റാങ്കും നസീമിന് 2-ാം റാങ്കും പ്രണവിന് 28-ാം റാങ്കുമായിരുന്നു ലഭിച്ചത്. യുണിവേഴ്‌സിറ്റി കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന് പിന്നാലെയാണ് പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ് പുറത്ത് വന്നത്. എസ്‌എംഎസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതി പ്രതികൾ 1,2,28 എന്നീ റാങ്കുകൾ കരസ്ഥമാക്കിയത് എന്നതാണ് കേസ്.
പരീക്ഷ ഹാളില്‍ പ്രതികളുടെ കയ്യിൽ കെട്ടിയിരുന്ന സ്‌മാർട്ട് വാച്ചിലൂടെ ഉത്തരങ്ങൾ എസ്‌എംഎസ് വഴി ലഭിക്കുകയായിരുന്നു. ചോദ്യപ്പേപ്പർ മൊബൈല്‍ ഫോണുകളുടെ സഹായത്തോടെ പുറത്ത് നിന്നിരുന്ന സുഹൃത്തുക്കളായ പ്രവീണ്‍, സഫീര്‍, ഗോകുല്‍ എന്നിവര്‍ക്ക് ശിവരഞ്‌ജിത്തും, നസീമും അയച്ചുകൊടുക്കുകയായിരുന്നു.
തുടർന്ന് ഇവർ ഉത്തരങ്ങൾ പരീക്ഷ ഹാളിലുണ്ടായിരുന്ന പ്രതികളുടെ സ്‌മാർട്ട് വാച്ചിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷാഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് അധ്യാപകരെയും അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ പ്രതി ചേർത്തിരുന്നെങ്കിലും പിന്നീട് കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
കുറ്റപത്രം നാല് വർഷത്തിന് ശേഷം: അതേസമയം കേസിൽ നാലര വർഷത്തിന് ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റപത്രം വൈകാന്‍ കാരണം ഫൊറന്‍സിക് പരിശോധന ഫലം വൈകുന്നതിനാലാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ പക്ഷം. പിന്നീട് ഫൊറന്‍സിക് ഫലം വന്നെങ്കിലും പ്രതിയും പൊലീസുകാരനുമായ ഗോകുലിനെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആഭ്യന്തര വകുപ്പ് ഈ അനുമതി വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്നും കുറ്റപത്രം വൈകുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ രണ്ട് മാസം മുന്‍പാണ് പ്രോസിക്യൂഷന്‍ അനുമതി എത്തുന്നത്. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ആറ് പ്രതികളായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.
ALSO READ: പിഎസ്‌സി ചോദ്യപേപ്പർ ചോർത്തിയ കേസ് : അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി