തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ നടത്തിപ്പിൽ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ എം.കെ സക്കീർ. രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്കു മാത്രം അന്തിമ പരീക്ഷയെഴുതാം. അന്തിമ പരീക്ഷയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടത്തുക. ആദ്യ പരീക്ഷ ഡിസംബറിൽ നടത്തും. കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം ഓഗസ്റ്റ് 26 ന് പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
പ്രാഥമിക പരീക്ഷ നടക്കുന്നതോടെ കൂടുതൽ മിടുക്കരായ ഉദ്യോഗാർഥികളിലേക്ക് അന്തിമ പരീക്ഷാർഥികളുടെ എണ്ണം ചുരുക്കാനാവും. പരീക്ഷയെഴുതുന്ന തസ്തികയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രണ്ടാമത്തെ പരീക്ഷയിൽ ഉൾപ്പെടുത്തും. ആദ്യ പരീക്ഷ നടത്തി രണ്ടു മാസത്തിനകം രണ്ടാമത്തെ പരീക്ഷയും നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല. മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ട് എത്താനാകാത്ത ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഓൺലൈനായി നടത്തും.
ഇവർ നിയമന ശുപാർശ അയയ്ക്കുന്നതിനു മുമ്പ് നേരിട്ട് എത്തിയാൽ മതിയാകും. പൊലീസ് റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ പിടിച്ചു വച്ചിട്ടില്ല. ഒഴിവുകളുടെ കാര്യത്തിൽ പി.എസ്.സിയല്ല തീരുമാനമെടുക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലെല്ലാം നിയമന ശുപാർശ അയച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം പി.എസ്.സി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ ചെയർമാൻ ഒഴിഞ്ഞുമാറി.