തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കണമെന്ന് ക്രൈംബ്രാഞ്ച്. പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. നീറ്റ് ,യുപിഎസ്‌സി, എസ്എസ്‌സി തുടങ്ങിയ പരീക്ഷകളുടെ മാതൃകയില്‍ പിഎസ്‌സിയ്ക്കും ശാരീരിക പരിശോധ നടത്തണമെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശം. പരീക്ഷ ഹാളുകളില്‍ സിസിടിവി നിര്‍ബന്ധമാക്കണം. വാച്ച് , മൊബൈല്‍ഫോണ്‍ തുടങ്ങിയ ഇലക്രട്രോണിക് ഉപകരണങ്ങള്‍ക്കു പുറമേ ബെല്‍റ്റ്, ഷൂ, ബട്ടണ്‍ എന്നിവ ഒഴിവാക്കണമെന്നും ക്രൈംബ്രാഞ്ച് നല്‍കിയ നിര്‍ദേശങ്ങളിലുണ്ട്.
സീറ്റിങ് പാറ്റേണ്‍ പുതുക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇതിലൂടെ പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് അവരുടെ ചോദ്യകോഡു മുന്‍കൂട്ടി മനസിലാകുന്ന രീതി ഒഴിവാക്കാനാകും. ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷകളില്‍ പരീക്ഷ കേന്ദ്രങ്ങളിൽ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കണമെന്നതാണ് മറ്റാരു പ്രധാന നിര്‍ദേശം. പരീക്ഷയ്ക്കു ശേഷം ചോദ്യക്കടലാസുകളുടെ എണ്ണം തിട്ടപ്പെടുത്തണമെന്നും നിരീക്ഷകരുടെ യോഗ്യത നിര്‍ണയിക്കണമെന്നും അടക്കമുള്ള എട്ട് നിര്‍ദേശങ്ങളാണ് പിഎസ്‌സി പരീക്ഷ സെക്രട്ടറിയ്ക്ക് നല്‍കിയത്. കേരള പൊലീസിന്‍റെ അഞ്ചാം ബറ്റാലിയൻ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശങ്ങള്‍ കൈമാറിയത്.