തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്. ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി. ഒളിവിലായിരുന്ന പ്രതികൾ പി.പി പ്രണവും സഫീറും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കോടതിയില്‍ ഇന്ന് കീഴടങ്ങി. ഒളിവിലായിരുന്ന ഇരുവരും അറസ്റ്റ് ഒഴിവാക്കാനായി കോടതി മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. കോടതി ഓണാവധിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് കീഴടങ്ങിയതിനാല്‍ മുഖ്യപ്രതിയായ പ്രണവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന് ഒരാഴ്ചയോളം കാത്തിരിക്കേണ്ടിവരും.
അതേസമയം കേസിൽ ശിവരഞ്ജിത്തിനെയും നസീമിനെയും വീണ്ടും പരീക്ഷ എഴുതിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതികൾ പരീക്ഷ എഴുതി വിജയിച്ച ചോദ്യപേപ്പർ ഉപയോഗിച്ച് മാതൃക പരീക്ഷ നടത്തും. ചോദ്യപേപ്പർ ചോർത്തി പരീക്ഷ എഴുതിയ സാഹചര്യത്തിൽ മാതൃകാ പരീക്ഷ കേസില്‍ നിർണായകമാകും. നേരത്തെ എഴുതിയ പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചിരുന്നത്. പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസില്‍ ശിവരഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരങ്ങള്‍ ഫോണിലൂടെ അയച്ചുകൊടുത്തുവെന്ന് പൊലീസുകാരന്‍ ഗോകുല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.