തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ സംഘടനകൾ സെക്രട്ടറിയേറ്റിനു മുന്നിൽ ഉയർത്തിയത് കടുത്ത പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവർ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് കറുത്ത മാസ്ക് അണിഞ്ഞ് പ്രകടനം നടത്തി.
നിയമസഭയിൽ കൊണ്ടുവരാതെ ഇത്തരമൊരു കരിനിയമം ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറാവുകയാണെന്നും ചെന്നിത്തല വിമർശിച്ചു. ഇത്തരമൊരു ഓർഡിനൻസ് ഒപ്പിടും മുമ്പ് ഗവർണർ എല്ലാ നിയമവശങ്ങളും പരിശോധിക്കണം എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിമർശനം. സർക്കാരിന്‍റെ കരിനിയമം ലംഘിക്കുന്നതിൻ്റെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.