തിരുവനന്തപുരം : ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിനായി (closing ceremony of 28th IFFK) എത്തിയ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ (Film Academy Chairman Ranjith). ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കൂവൽ. പ്രസംഗം ആരംഭിച്ചപ്പോഴും കൂവൽ തുടർന്നു (protest against Ranjith).
വേദിയിലുണ്ടായിരുന്ന വിശിഷ്‌ട വ്യക്തികൾക്കടക്കം വലിയ കൈയ്യടിയും സ്വീകാര്യതയും ലഭിച്ചപ്പോഴാണ് രഞ്ജിത്തിനെതിരെ കൂവൽ ഉയര്‍ന്നത്. കഴിഞ്ഞവർഷവും മേളയുടെ സമാപന ചടങ്ങിൽ രഞ്ജിത്തിനെതിരെ കൂവൽ ഉണ്ടായിരുന്നു. റിസർവേഷൻ ചെയ്‌ത ഡെലിഗേറ്റുകൾക്ക് പോലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം കാണാൻ സാധിക്കാത്തതിനാലായിരുന്നു കഴിഞ്ഞ വർഷം കൂവൽ ഉണ്ടായത് (Controversy against director Ranjith).
അതേസമയം മികവോടെ മേള സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. മികവോടെയാണ് ഉത്സവം പടി ഇറങ്ങുന്നത്. 14000 പേരുടെ സജീവ പങ്കാളിത്തമാണ് മേള വിജയിപ്പിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്രമേള വിജയിപ്പിച്ച സംഘാടകരെ വേദിയിൽ വിളിച്ച് അഭിനന്ദിച്ചു.
കൗൺസിൽ മാറ്റങ്ങളെക്കുറിച്ച് രഞ്ജിത്ത്: ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് കൗൺസിൽ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കുക്കു പരമേശ്വരനെ അതിലേക്ക് പരിഗണിക്കുമെന്ന് ഇന്ന് മാധ്യമങ്ങളോട് രഞ്ജിത്ത് പറഞ്ഞിരുന്നു. നിലവിലെ ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ അടുത്ത വർഷവും തുടരുമെന്നും ഈ പ്രൊപ്പോസലുകൾ സർക്കാരിന് മുൻപിൽ സമർപ്പിക്കുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
രഞ്ജിത്ത് തന്നെ അപമാനിച്ചുവെന്ന് ആരോപണം ഉയർത്തിയ കുക്കു പരമേശ്വരനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് എക്‌സിക്യുട്ടീവ് കൗൺസിലിലേക്ക് പരിഗണിക്കുന്നത്. അക്കാദമിയിലെ 9 അംഗങ്ങൾ കഴിഞ്ഞ ദിവസം രഞ്ജിത്തിന്‍റെ ഓഫീസിന് സമീപം സമാന്തര യോഗം ചേരുകയും ചെയർമാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അതേസമയം ഇതെല്ലാം തെറ്റായ വാർത്തയാണെന്നും ഫെസ്റ്റിവൽ ഓഫീസിൽ സാധാരണ നടക്കുന്ന യോഗമാണ് നടന്നതെന്നും അവകാശപ്പെട്ട് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് രംഗത്തെത്തുകയും ചെയ്‌തിരുന്നു.
ALSO READ: 'അക്കാദമിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണ' ; രാജി അഭ്യൂഹങ്ങൾ തള്ളി രഞ്ജിത്ത്
രാജി അഭ്യൂഹങ്ങളിലും രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ അത്തരം കാര്യങ്ങൾ പരിഗണനയിലില്ലെന്നും അക്കാദമിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണകളാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.