തിരുവനന്തപുരം: കോട്ടയം മുതല്‍ കണ്ണൂര്‍ വരെ നീണ്ട മാരത്തണ്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ മുഖ്യമന്ത്രിക്കെതിരെ തലസ്ഥാനത്തും പ്രതിഷേധം. വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ കണ്ണാശുപത്രിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തകര്‍ വാഹന വ്യൂഹത്തിനുനേരെ കരിങ്കൊടി കാട്ടി. ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയത്.
ALSO READ| മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം: തള്ളിമാറ്റി ഇപി ജയരാജൻ
താന്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും സഞ്ചരിക്കുന്ന വഴികളിലും കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ സ്ഥിരം സുരക്ഷ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്‌ച തലസ്ഥാനത്ത് കറുത്ത മാസ്‌ക്കണിഞ്ഞാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെത്തിയത്. അതേസമയം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ വന്നിറങ്ങിയ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ എത്തിയിരുന്നു.