തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനുള്ള നടപടി ഈയാഴ്ച ആരംഭിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ചെലവ് ചുരുക്കി കടം ഇല്ലാതാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കുറച്ചു കൂടി ക്ഷമിച്ചാൽ കെഎസ്ആര്‍ടിസിയില്‍ നല്ല മാറ്റം ഉണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
5141 ബസുകളാണ് നേരത്തെ കെ.എസ്. ആർ.ടി.സിയില്‍ സർവീസ് നടത്തിയിരുന്നത്. ഇപ്പോള്‍ 4757 ബസുകൾ സർവീസ് നടത്തുന്നു. 984 ബസുകൾ നിർത്തലാക്കി. ഡീസലടിക്കാൻ പോലും പണം ലഭിക്കാത്ത സർവീസുകളാണ് വെട്ടിക്കുറച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സർവീസുകൾ വെട്ടിക്കുറച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കെ.എസ്. ആർ.ടി.സി എന്നത് കട്ടപ്പുറം ശശീന്ദ്രവിലാസം റോഡ് കോർപ്പറേഷൻ എന്നാക്കി മാറ്റണമെന്ന് എ. വിൻസെന്‍റ് എം.എൽ.എ പരിഹസിച്ചു. കെ.എസ്. ആർ.ടി.സി.യെ സർക്കാർ ഏറ്റെടുക്കണമെന്നും വിൻസെന്‍റ് ആവശ്യപ്പെട്ടു. താൻ മന്ത്രിയായപ്പോൾ വന്ന രോഗമാണ് കെ.എസ്. ആർ.ടി.സിക്ക് പറയുന്നത് ശരിയല്ലെന്ന് മന്ത്രി മറുപടി നൽകി. കെ.എസ്. ആർ.ടി.സിയുടെ കാര്യത്തിൽ ആരുടെയും തലയിൽ കുറ്റം ചാരി കൈകഴുകരുതെന്നും മന്ത്രി പറഞ്ഞു.