തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ പ്രിയങ്കാഗാന്ധി ഏപ്രില്‍ മൂന്നിന് പ്രചാരണത്തിന് എത്തുമെന്ന് കെ.മുരളീധരൻ. ഇന്നലെ പ്രിയങ്ക പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സമയക്കുറവ് കാരണം എത്തിയിരുന്നില്ല. ഇതില്‍ നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ മുരളീധരൻ അതൃപ്തി അറിയിക്കുകയും പ്രിയങ്കയെ നേരില്‍ കണ്ട് കാര്യം ധരിപ്പിക്കുകയും ചെയ്തു.
ബിജെപിയുമായി കടുത്ത മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത് പ്രചാരണത്തിനെത്തിയില്ലെങ്കില്‍ അത് മറ്റ് പല പ്രചാരണങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുരളീധരന്‍ പ്രിയങ്കയോട് പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് വീണ്ടും കേരളത്തില്‍ എത്തുമെന്നും അപ്പോള്‍ നേമത്തും കഴക്കൂട്ടത്തും പ്രചാരണത്തിന് വരാമെന്നും പ്രിയങ്ക മുരളീധരനെ അറിയിച്ചത്.
മാര്‍ച്ച് 30ന് വൈകിട്ട് 5.30ന് പ്രിയങ്ക പൂജപ്പുര മൈതാനത്ത് ഹെലികോപ്റ്ററിലിറങ്ങിയ ശേഷം നേമം മണ്ഡലത്തില്‍ റോഡ് ഷോ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വെഞ്ഞാറമൂടില്‍ വൈകിട്ട് നിശ്ചയിച്ച യോഗത്തിന് പ്രിയങ്ക എത്തിയതു തന്നെ ഏറെ വൈകിയായിരുന്നു. വെഞ്ഞാറമൂടിലെ യോഗം കഴിഞ്ഞപ്പോള്‍ തന്നെ നേരം വൈകിയതിനാല്‍ ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് പ്രിയങ്ക കാര്‍മാര്‍ഗം കാട്ടാക്കടയിലെത്തിയത് രാത്രി ഏഴുമണിക്കാണ്. തുടര്‍ന്ന് റോഡുമാര്‍ഗം നേരെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോയ ശേഷം തിരുവനന്തപുരം മണ്ഡലത്തിലെ പൂന്തുറയില്‍ പൊതു യോഗത്തില്‍ പ്രസംഗിച്ച് ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിപ്പിക്കുകയായിരുന്നു.