തിരുവനന്തപുരം : അഭിമുഖത്തിൻ്റെ തലേ ദിവസം ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിൻ്റെ പ്രതിനിധി വിളിച്ചത് ഗൂഢാലോനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നുവെന്ന് പ്രിയ വർഗീസ് (Priya Varghese). കണ്ണൂർ സർവകലാശാലയിലെ (Kannur University) അസോസിയേറ്റ് പ്രൊഫസർ നിയമനക്കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയ വർഗീസ്. നീതി പീഠത്തിൽ നിന്ന് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രിയ പറഞ്ഞു.
വ്യക്തി എന്ന നിലയിൽ താൻ വേട്ട ചെയ്യപ്പെട്ടു. ക്ലാസ്സ് മുറകൾക്കുള്ളിൽ ഇരുന്ന് മാത്രം സംഭവിക്കുന്നതാണോ അധ്യാപന പരിചയം. താൻ അഭിമുഖത്തിന് പങ്കെടുക്കാതിരിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. താങ്ങി നിർത്താവുന്ന ഒരു മതിൽ ഇടിഞ്ഞു പോയില്ല എന്ന പ്രതീക്ഷ അവസാനിച്ചില്ലെന്നും പ്രിയ വർഗീസ് പറഞ്ഞു.
പ്രിയ വർഗീസിന് ആശ്വാസം : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ (Kannur University Associate Professor) നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെ പ്രിയ വർഗീസ് അപ്പീൽ നൽകിയിരുന്നു. ഇത് അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ചിന്‍റെ നടപടി.
പ്രിയയുടെ പ്രവൃത്തി പരിചയം മതിയായ യോഗ്യതയായി കണക്കാക്കാം എന്നും ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു. യുജിസിയുടെ ഫാക്കൽറ്റി ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്‍റ്സ് സർവീസ് ഡയറക്‌ടർ സേവന കാലയളവും അധ്യാപന പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾ ബഞ്ച് നിരീക്ഷണം വസ്‌തുതകൾ ശരിയായി മനസിലാക്കാതെയുള്ളതാണ് എന്നായിരുന്നു അപ്പീലിലെ വാദം. യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യതയുണ്ടെന്നും ഇത് സിംഗിൾ ബഞ്ച് പരിശോധിച്ചില്ല എന്നും അപ്പീലിൽ പ്രിയ പറഞ്ഞു.
പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കാൻ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. നവംബർ 16നാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെയായിരുന്നു അപ്പീൽ.
സിംഗിൾ ബഞ്ച് വിധി നിയമപരമല്ലെന്നും അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബഞ്ചിന് വീഴ്‌ച ഉണ്ടായെന്നും പ്രിയ അപ്പീലിൽ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. തനിക്ക് 11 വർഷവും 20 ദിവസത്തെയും അധ്യാപന പരിചയമുണ്ടെന്നും സ്റ്റുഡന്‍റ് സർവീസ് ഡയറക്‌ടർ ചുമതല അധ്യാപനമല്ലെന്ന സിംഗിൾ ബഞ്ചിന്‍റെ കണ്ടെത്തൽ തെറ്റാണെന്നും പ്രിയ വാദിച്ചു.
അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്‌ജി ധരിച്ചുവെന്നും യുജിസി ചട്ടപ്രകാരം തനിക്ക് നിയമനത്തിന് യോഗ്യതയുണ്ടെന്നും പ്രിയ വർഗീസ് അപ്പീലിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി പി മുഹമ്മദ് നിയാസ് എന്നിവരുടേതായിരുന്നു വിധി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 17നാണ് പ്രിയ വർഗീസിന്‍റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷിന്‍റെ ഭാര്യ പ്രിയയ്‌ക്ക് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം റാങ്ക് നൽകിയ സിൻഡിക്കേറ്റ് നടപടിയാണ് ചാൻസലർ കൂടിയായ ഗവർണർ സ്റ്റേ ചെയ്‌തത്. ഓഗസ്റ്റ് 22ന് ദേവൻ രാമചന്ദ്രൻ അംഗമായ സിംഗിൾ ബഞ്ചാണ് പ്രിയയുടെ നിയമനം സ്റ്റേ ചെയ്‌തത്.
2023 ജനുവരി 11നാണ് സിംഗിൾ ബഞ്ച് വിധിക്കെതിരെ പ്രിയ വർഗീസ് അപ്പീൽ നൽകിയത്. തുടർന്ന് ഇന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
Also read : അസോ. പ്രൊഫസർ നിയമനം; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്