തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി. ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്‌ടര്‍ പദവിയില്‍ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നാം റാങ്കോടെ അസോസിയേറ്റ് പ്രൊഫസറായി തെരഞ്ഞെടുത്തത് വിവാദമായിരുന്നു.
ഈ വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചതോടെ നിയമന ഉത്തരവ് നല്‍കാതിരിക്കെയാണ് ഡെപ്യൂട്ടേഷന്‍ നീട്ടിനല്‍കിയത്. നിലവിൽ കേരള വർമ കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ആണ് പ്രിയ. അസോസിയേറ്റ് പ്രൊഫസർ നിയമനം ലഭിച്ചാൽ പ്രിയയ്ക്ക് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്‌ടർ നിയമനം കിട്ടും.
കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ ഒന്നാം റാങ്ക് നല്‍കിയുളള പട്ടിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇതോടെ സിപിഎം നേതാവിന്‍റെ ഭാര്യയെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുയരുകയും വിവാദമാവുകയുമായിരുന്നു.