തിരുവനന്തപുരം: സ്വമേധയാ കൊവിഡ് പരിശോധനക്ക് എത്തുന്നവരെ സംസ്ഥാനത്തെ സർക്കാർ അംഗീകൃത സ്വകാര്യ ലാബുകൾക്ക് പരിശോധിക്കാം. ഇതിനുള്ള അനുമതി നൽകിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആർ.ടി.പി.സി.ആർ, എക്സ്പർട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് തുടങ്ങിയവ സർക്കാർ നിശ്ചയിച്ച നിരക്കിൽ നടത്താൻ സ്വകാര്യ ആശുപത്രികൾക്കും ലബോറട്ടറികൾക്കും അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെ വാക്കിൻ കൊവിഡ് 19 പരിശോധന നടത്താനുള്ള അനുമതിതേടി ലാബുകൾ മുന്നോട്ടുവന്നു.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളിൽ പരിശോധന അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ലാബിലാണ് പരിശോധനയ്ക്ക് എത്തേണ്ടത്. തിരിച്ചറിയൽ കാർഡ് കൈയ്യിൽ കരുതണം. പരിശോധനയ്ക്ക് വിധേയനാകുന്നയാൾ സമ്മതപത്രം നൽകണം. സർക്കാർ നിശ്ചയിച്ച നിരക്കു മാത്രമേ ലാബുകൾ ഈടാക്കാൻ പാടുള്ളൂ. ആരോഗ്യവകുപ്പിന്‍റെ എല്ലാ മാർഗനിർദ്ദേശങ്ങളും ലാബുകൾ പാലിക്കണം. മാർഗനിർദ്ദേശമനുസരിച്ച് പരിശീലനം ലഭിച്ച ലബോറട്ടറി ടെക്നീഷ്യനെയോ നഴ്സിനെയോ വേണം സാമ്പിൾ ശേഖരണത്തിന് സജ്ജമാക്കാൻ. ആദ്യത്തെ 20 സ്രവശേഖരണത്തിന് ഒരു ഡോക്ടർ മേൽനോട്ടം വഹിക്കണം.
പരിശോധനയ്ക്ക് മുമ്പ് കൊവിഡ് സംബന്ധിച്ച കൗൺസലിംഗ് നൽകണം. ശരിയായ പരിശോധനയ്ക്കു ശേഷമുള്ള കൗൺസിലിംഗ്, മാർഗനിർദ്ദേശം, ഉറപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ ഫലം അപ്പോൾതന്നെ വെളിപ്പെടുത്താം. രോഗലക്ഷണം ഉണ്ടെങ്കിൽ ടെസ്റ്റ് നെഗറ്റീവ് ആയാലും 14 ദിവസം സമൂഹവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ നിർദ്ദേശിക്കണം. പോസിറ്റീവ് ആയാൽ ദിശയിൽ അറിയിച്ച് രോഗിയെ സിഎഫ്എൽടിസികളിലോ കൊവിഡ് ആശുപത്രികളിലോ എത്തിക്കണം. പരിശോധനാഫലങ്ങൾ തത്സമയം ഓൺലൈനിൽ റിപ്പോർട്ട് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം.