തിരുവനന്തപുരം : സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍റെ നേതൃത്വത്തിൽ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. എന്നാൽ ബസ് സർവീസുകൾക്ക് തടസമുണ്ടാക്കില്ലെന്ന് ജനറൽ സെക്രട്ടറി ലോറൻസ് ബാബു വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ 10 മണിക് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്‌ഘാടനം ചെയ്യും. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ കെ തോമസ് ആണ് നിരാഹാര സമരം നടത്തുന്നത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരം നടത്തുന്നത്. പ്രധാനമായും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ദീര്‍ഘ കാലമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷൻ മുന്നോട്ട് വയ്ക്കുന്നത്. സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി ജൂൺ ഏഴ് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് അത് പിൻവലിക്കുകയായിരുന്നു.
പൊതുജനങ്ങളെ ബുദ്ധിമുട്ടില്‍ ആക്കാതിരിക്കാനായാണ് ബസ് സര്‍വീസ് നിര്‍ത്തി വയ്ക്കുന്ന സമരം ഒഴിവാക്കി നിരാഹാര സമരത്തിലേക്ക് കടക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
വിഷയത്തിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിന്റെ പ്രതികരണം ഇങ്ങനെ: സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഏറെയും നേരത്തെ നടപ്പിലാക്കി. ചിലത് ഉടൻ നടപ്പാക്കാൻ പോകുകയാണ്. ഒരു വർഷം മുൻപ് അവർ ആഗ്രഹിച്ചതുപോലെ യാത്രാനിരക്ക് വർധിപ്പിച്ചിരുന്നു. സമ്മർദങ്ങളിലൂടെ അനാവശ്യമായ ആവശ്യങ്ങൾ ഉന്നയിച്ച് വീണ്ടും സമരത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് ശരിയാണോ എന്ന് അവർ ചിന്തിക്കണം എന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്.
വിവാദങ്ങൾക്ക് വഴി വച്ച ഗതാഗത മന്ത്രിയുടെ കൺസഷൻ പരാമർശം : സ്വകാര്യ ബസുകളിലെ വിദ്യാർഥികളുടെ കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജു മുൻപ് നടത്തിയ പ്രസ്‌താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മന്ത്രിയുടെ അഭിപ്രായം അപക്വമാണ് എന്നായിരുന്നു എസ്എഫ്ഐ പ്രതികരിച്ചത്. വിദ്യാർഥികളുടെ അവകാശമാണ് കൺസഷൻ. അതാരുടെയും ഔദാര്യമല്ലെന്നും മന്ത്രി അഭിപ്രായം തിരുത്താൻ തയ്യാറാകണമെന്നും എസ്എഫ്ഐ പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു.
നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ പരാമര്‍ശം. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാർഹമാണെന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സര്‍ക്കാരിന്‍റെ വിദ്യാര്‍ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം വരുത്തുമെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി എ വിനീഷ്, സെക്രട്ടറി സച്ചിൻ ദേവ് എംഎൽഎ എന്നിവർ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. നേരത്തെ സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൺസഷൻ രണ്ട് രൂപയിൽ നിന്നും അഞ്ച് രൂപ വരെയാകുമെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു.
Also read : പ്രൈവറ്റ് ബസുടമകള്‍ നിരാഹാര സമരത്തിലേക്ക്; ആവശ്യങ്ങളില്‍ വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയും