തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം നോട്ടിസ് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിലക്കയറ്റം ദേശീയ പ്രതിഭാസമാണെന്ന് ചൂണ്ടിക്കാട്ടിയ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതിപക്ഷം കുറച്ചു കൂടി വസ്‌തുതകള്‍ പരിശോധിക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞു. ശക്തമായ പൊതുവിതരണ സമ്പ്രദായമുള്ള സംസ്ഥാനമാണ് കേരളം.
ഇത്രയും ശക്തമായ പൊതുവിതരണ സമ്പ്രദായമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയില്‍ ഇല്ല. 57 ശതമാനം റേഷന്‍ കാര്‍ഡുടമകളെ ഭക്ഷ്യധാന്യ വിതരണത്തിന്‍റെ പരിധിയില്‍ നിന്ന് പുറത്താക്കിയത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭക്ഷ്യ ഭദ്രത നിയമം മൂലമാണ്. ഇതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ പ്രതിപക്ഷം തയ്യാറല്ല.
വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. വിപണിയെ കുറിച്ച് ഒന്നുമറിയാതെയാണ് പ്രതിപക്ഷം നോട്ടിസ് നല്‍കിയത്. ഇത്രയും വില കുറവുള്ള മറ്റൊരു സംസ്ഥാനം ചൂണ്ടിക്കാട്ടാന്‍ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്തു തുടരുന്ന രൂക്ഷമായ വിലക്കയറ്റം കാരണം സാധാരണക്കാരുടെ കുടുംബ ബജറ്റില്‍ 2000 രൂപയുടെ അധിക ബാധ്യതയാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
ഒരു സര്‍ക്കാരിന്‍റെ സാന്നിധ്യം ആവശ്യമായ സമയത്ത് അതുണ്ടാകുന്നില്ല. 50 ശതമാനം യഥാര്‍ഥ വിലവര്‍ധനവാണെങ്കില്‍ ബാക്കി കൃത്രിമ വിലക്കയറ്റമാണ്. ഇവിടെ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. വസ്‌തുതകള്‍ മനസിലാക്കാതെ പ്രതിപക്ഷത്തെ ആക്ഷേപിക്കാനുള്ള ഭക്ഷ്യമന്ത്രിയുടെ ശ്രമം ഹീനമാണ്.
ഈ മന്ത്രി വന്ന ശേഷമല്ല കേരളത്തില്‍ പൊതുവിതരണ സമ്പ്രദായമുണ്ടായതെന്നും ഉത്സവ ചന്തകള്‍ തുറന്നതെന്നും മന്ത്രി മനസിലാക്കണം. ആദ്യം മന്ത്രിയായതിന്‍റെ കുഴപ്പമാണിതെന്ന് താന്‍ പറയുന്നില്ലെന്നും സതീശന്‍ പരിഹസിച്ചു. കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് പറയുന്ന ഭക്ഷ്യമന്ത്രി ഏതോ വെള്ളരിക്കാപ്പട്ടണത്തിലാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ടി വി.ഇബ്രാഹിം പറഞ്ഞു.
അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.