തിരുവനന്തപുരം: കൺസഷൻ എടുക്കാനെത്തിയ അച്ഛനേയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ മുഖ്യമന്ത്രിക്ക് പ്രേമനനൻ പരാതി നൽകും. പ്രേമനനും മകൾ രേഷ്‌മയ്‌ക്കുമാണ് കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ജീവനക്കാരുടെ ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. സംഭവം നടന്ന് ഒമ്പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല.
ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയേയും സമീപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പ്രേമനൻ പരാതിയുമായി മുഖ്യമന്ത്രിയേയും ഡിജിപിയേയും സമീപിക്കുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായാൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനും പ്രേമനൻ നീക്കം തുടങ്ങിയിട്ടുണ്ട്.