തിരുവനന്തപുരം: സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പൗരന്‍മാരുടെ മൗലികവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളില്‍ ഭൂരിപക്ഷ വാദത്തിനോട് സന്ധി ചെയ്യുന്നു. ഇതിലൂടെ എക്‌സിക്യുട്ടീവിന് മുന്നില്‍ വഴങ്ങി കൊടുക്കുകയാണെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കാരാട്ട് വിമര്‍ശിക്കുന്നു.
![prakash karat against supreme court orders സുപ്രീം കോടതി വിധികളെ വിമർശിച്ച് പ്രകാശ് കാരാട്ട് പ്രകാശ് കാരാട്ട് ദേശാഭിമാനി ലേഖനം prakash karat about supreme court orders](https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-01-karrat-aginst-sc-pkg-7206115_21112019084407_2111f_1574306047_30.jpg)
അയോധ്യ, ശബരിമല എന്നിവയിലെ സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് കാരാട്ടിന്റെ വിമര്‍ശനം. അയോധ്യ കേസിലെ വിധി ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധി ന്യായത്തിന്‍റെ ആകെ തുക വിശ്വാസങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും പ്രമുഖ്യം നല്‍കുന്നതാണ്. ശബരിമല വിഷയം ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രധാന്യം നല്‍കുന്നതാണെന്ന് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.
കാശ്‌മീരില്‍ 370-ാം വകുപ്പ് റദ്ദാക്കി ജനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ അപേക്ഷകളില്‍ വിധി പറയാതെ താമസിപ്പിക്കുകയണെന്നും കാരാട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ജുഡീഷ്യല്‍ ഒഴിഞ്ഞു മാറലിന് തുല്യമാണ്. ഭൂരിപക്ഷ വാദത്തോടുള്ള സന്ധി ചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല രാഷ്ട്രത്തിന്‍റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് കരുത്ത് നല്‍കുകയും ചെയ്യുമെന്നും കാരാട്ട് വിമര്‍ശിക്കുന്നു. സുപ്രീം കോടതിയുടെ ഈ വീഴ്ച കേന്ദ്ര സര്‍ക്കാരിന്‍റെ ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമാണെന്നും കാരാട്ട് പറയുന്നു.