തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വീട്ടമ്മ മരിച്ചതിൽ ദുരൂഹതയെന്ന് കുടുംബം. കഴിഞ്ഞ മാസം 29ന് മരിച്ച സ്‌മിത കുമാരിക്ക് ക്രൂര മർദനമേറ്റെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഗുരുതരാരോപണവുമായി കുടുംബം രംഗത്ത് വന്നത്. ശാസ്‌താംകോട്ട സ്വദേശിയായ സ്‌മിതാകുമാരി മൂന്ന് തവണ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.
നവംബര്‍ 26നാണ് ഒടുവിൽ ആശുപത്രിയിൽ എത്തിച്ചത്. 29ന് സ്‌മിതാകുമാരിക്ക് കടുത്ത ശ്വാസതടസം ഉണ്ടായതായി ആശുപത്രി അധികൃതർ വീട്ടുകാരെ അറിയിച്ചു. വേഗം ആശുപത്രിയിൽ എത്തണമെന്നും നിർദേശിച്ചു.
എന്നാൽ, ആശുപത്രിയിൽ എത്തിയ വീട്ടുകാരെ കാത്തിരുന്നത് സ്‌മിതയുടെ മരണ വാർത്തയായിരുന്നു. സ്‌മിതയുടേത് കൊലപാതകമാണെന്ന് ഭർത്താവ് ഉണ്ണികൃഷ്‌ണപിള്ള ആരോപിച്ചു. സ്‌മിതാകുമാരിക്ക് ക്രൂര മർദനം ഏറ്റിട്ടുണ്ടെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
അടിയേറ്റ് തലയോട്ടിയും തലച്ചോറും തകർന്നു. തല മുതൽ മൂക്കുവരെ ആഴത്തിൽ മുറിവ്, കൈകാലുകളുടെ മുട്ടുകൾ ഒടിഞ്ഞ നിലയിൽ എന്നിങ്ങനെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ. കുടുംബം ആരോപണം കടുപ്പിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.