തിരുവനന്തപുരം: വന്ധ്യംകരണത്തിനായി പിടിച്ച തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയില്‍ തുടർ പരിശോധന. വണ്ടിത്തടം മൃഗാശുപത്രിയോട് അനുബന്ധമായി പ്രവർത്തിപ്പിക്കുന്ന നഗരസഭയുടെ വന്ധ്യംകരണ കേന്ദ്രത്തിന്‍റെ വളപ്പിൽ നിന്നാണ് 10 തെരുവ് നായ്ക്കളുടെ ജഡങ്ങള്‍ പുറത്തെടുത്തത് തുടർ പരിശോധനയ്ക്കുള്ള അവശിഷ്ടങ്ങൾ ശേഖരിച്ചത്.
ആർ.ഡി.ഒയുടെ നിർദേശപ്രകാരമെത്തിയ ലാൻഡ് അക്വസിഷൻ സ്‌പെഷ്യൽ തഹസിൽദാർ കെ. രമേഷ്‌കുമാർ കോവളം ഇൻസ്‌പെക്ടർ ജി. പ്രൈജു എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. പി.എം.ജിയിലെ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നിന്നെത്തിയ ഡോക്ടർമാരാണ് പോസ്റ്റുമോർട്ടം നടത്തിയത്.
നായ്ക്കളുടെ ശരീര ഭാഗങ്ങള്‍ വിദഗ്ദ പരിശോധനക്കയക്കും
മാസംഭാഗങ്ങളും വൃക്കകളും കുടൽ ഭാഗങ്ങളുമാണ് ശേഖരിച്ചത്. ഇവ തിരുവനന്തപുരത്തെയും പാലോടുളള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് (സിയാദ്) സെന്‍ററിലേക്കും തുടർ പരിശോധനയ്ക്ക് അയക്കുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
വന്ധ്യംകരണത്തിന് എത്തിച്ച തെരുവ് നായകൾക്ക് മതിയായ ഭക്ഷണമോ, സംരക്ഷണമോ നൽകയിരുന്നില്ല. ശസ്ത്രക്രിയക്ക് ശേഷം ഇവയെ സൗകര്യമില്ലാത്ത കൂട്ടിലടക്കുകയും പരിചരണത്തിൽ വീഴ്ച്ചവരുത്തുകയും ചെയ്തതിനെ തുടർന്ന് നായകളെല്ലാം അവശനിലയിലായിരുന്നു.
വന്ധ്യംകരണം നടത്തിയ നായകളെ നിശ്ചിത ദിവസത്തിന് ശേഷം പിടികൂടിയസ്ഥലത്ത് തിരികെ എത്തിക്കണമെന്നാണ് ചട്ടം. ഇതും ഇവിടെ നടന്നില്ലെന്നാണ് മൃഗസ്‌നേഹികൾ ആരോപിക്കുന്നത്.
കൂടുതല്‍ വായനക്ക്: കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുന്നു, തീരുമാനം ഉടൻ
ഇത് സംബന്ധിച്ച് മൃഗസ്‌നേഹികളുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് വണ്ടിത്തടത്തുളള വന്ധ്യംകരണ സെന്‍ററിലെ നായകളുടെ എണ്ണക്കുറവ് ശ്രദ്ധയിൽപ്പെട്ടത്. ബന്ധപ്പെട്ട അധികൃതരോട് വിവരമാരാഞ്ഞപ്പോൾ നായകൾ ചത്തുപോയെന്നായിരുന്നു വിശദീകരണം.
പരാതിയുമായി എത്തിയത് മൃഗസ്നേഹികളുടെ കൂട്ടായ്മ
ഇതേ തുടർന്ന് ഇവയെ വിവിധ ഘട്ടങ്ങളിലായി കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നുവെന്ന് കാണിച്ച് മൃഗസ്‌നേഹികളുടെ കൂട്ടായ്മ നെയ്യാറ്റിൻകര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോവളം പൊലീസിനോട് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് നായ്ക്കളുടെ ജഡം പുറത്തെടുത്ത് അവശിഷ്ടങ്ങൾ ശേഖരിച്ചത്.