തിരുവനന്തപുരം : ഡിസിസി പ്രസിഡന്‍റ് പദവിയിലേക്കുള്ള അന്തിമ പരിഗണനാപട്ടികയിൽ ഏറ്റവും മുന്നിലുള്ള മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിക്കെതിരെ തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ പോസ്റ്റുകൾ. പരിഗണനാപട്ടികയിൽ നിന്ന് പാലോട് രവിയെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ.
"കാവിയുടെ മറവിൽ ത്രിവർണപതാക പിടിക്കാൻ ശ്രമിക്കുന്ന പാലോട് രവി ആർഎസ്എസോ അതോ കോൺഗ്രസോ?
'ബിജെപി അനുഭാവിയായ പാലോട് രവിയെ മാറ്റിനിർത്തുക'
'ഡിസിസി പ്രസിഡന്‍റ് ആകാൻ യോഗ്യത കാലാകാലങ്ങളിൽ കോൺഗ്രസ് പാർട്ടിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നതാണോ?'
'സ്ഥാനമോഹിയായ പാലോട് രവിയെ പോലുള്ള പൃഷ്ഠം താങ്ങികളെ മാറ്റി നിർത്തുക' എന്നിങ്ങനെയുള്ള വാചകങ്ങളടങ്ങിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
യുഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചതായി ആരോപണം
നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.എസ് പ്രശാന്തിനെ പരാജയപ്പെടുത്താൻ പാലോട് രവി ശ്രമിച്ചെന്ന് അദ്ദേഹം ആരോപണം ഉയർത്തി രംഗത്ത് എത്തിയിരുന്നു.
കൂടാതെ ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി പ്രസിഡന്‍റിനും കെ.എ ചന്ദ്രൻ കമ്മിഷനും പരാതിയും നൽകിയിരുന്നു. ഇത്തരത്തിൽ പരാതി ഉന്നയിച്ചതിന്‍റെ പേരിൽ പ്രശാന്ത് പാർട്ടിയിൽ ഇപ്പോൾ അച്ചടക്ക നടപടി നേരിടുകയാണ്.
നെടുമങ്ങാട് മുൻ എം.എൽ.എ കൂടിയായ പാലോട് രവി സജീവമായി പ്രചാരണരംഗത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്‍റെ അനുയായികളെ വ്യാപകമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തി എന്നുമായിരുന്നു പ്രശാന്തിന്‍റെ പരാതി.
പാലോട് രവിയെ ഡിസിസി പ്രസിഡന്‍റായി നിയമിക്കുന്നതിനെതിരെ നിരവധി പാർട്ടി പ്രവർത്തകർ ഇതിനോടകം തന്നെ ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട്.
ഡി.സി.സി പ്രസിഡന്‍റ് നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനം കോൺഗ്രസുകാർ പരസ്പരം ചെളി വാരി എറിയുന്നതിനിടെയാണ് തിരുവനന്തപുരത്തും പരസ്യമായ ഗ്രൂപ്പുപോര് പോസ്റ്ററിലൂടെ പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്‍റിന്‍റെ കാര്യത്തിൽ ഇനിയും സമവായമായിട്ടില്ലെന്നാണ് സൂചന.
Also read: സംസ്ഥാനത്ത് ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി