തിരുവനന്തപുരം : പിഡിപി മുന്‍ ആക്‌ടിങ് ചെയര്‍മാനും തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സിലറുമായിരുന്ന പൂന്തുറ സിറാജ് അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൂന്നുതവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. പിഡിപിയുടെ ഭാഗമായി രണ്ട് തവണയും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായാണ് മത്സരിച്ചത്.
1995ല്‍ മാണിക്യവിളാകം വാര്‍ഡിലും 2000ല്‍ അമ്പലത്തറ വാര്‍ഡില്‍ നിന്നും പിഡിപി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ പിഡിപിയിൽ നിന്ന് പുറത്തുപോയതോടെ പുത്തന്‍പള്ളി വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയായിരുന്നു.
ALSO READ:'വർഗീയ പരാമർശം നടത്തിയിട്ടില്ല' ; പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി
തുടർന്ന് പിഡിപിയിൽ തിരിച്ചെത്തിയെങ്കിലും അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിട്ട സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നു. അടുത്തിടെയാണ് മഅദ്‌നിയുടെ നിര്‍ദേശ പ്രകാരം പാര്‍ട്ടിയില്‍ വീണ്ടും തിരിച്ചെത്തിയത്. അദ്ദേഹത്തെ പിഡിപി വൈസ് ചെയര്‍മാനായി കേന്ദ്ര കമ്മിറ്റി നിയമിച്ചിരുന്നു.
പൂന്തുറ സിറാജിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തില്‍ ശ്രദ്ധേയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.