തിരുവനന്തപുരം: കഴിഞ്ഞദിവസം പൂന്തുറയിൽ ഉണ്ടായ പ്രതിഷേധത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ഇതാണ് പൂന്തുറ നിവാസികൾ ഇന്ന് തിരുത്തിയത്.ആരോഗ്യ പ്രവർത്തകർ വരുന്ന വാഹനവ്യൂഹത്തെ പുഷ്‌പങ്ങൾ വർഷിച്ചാണ് പൂന്തുറക്കാർ സ്വീകരിച്ചത്.
ബൊക്കെകൾ നൽകി ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയുകയും ചെയ്തു. പ്രതിക്ഷേധങ്ങൾക്കിടയിൽ ആരോഗ്യ പ്രവർത്തകർക്കു വേദനാജനകമായ ഏതെങ്കിലും അനുഭവമുണ്ടായെങ്കിൽ അതിൽ മാപ്പു ചോദിക്കുന്നതായും ജനങ്ങൾ വ്യക്തമാക്കി. പൂന്തുറ ഇടവക വികാരി ഫാ. ബെവിൻസണിന്‍റെ നേതൃത്വത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർക്ക് സ്വീകരണം ഒരുക്കിയത്. കഴിഞ്ഞദിവസം ഡ്യൂട്ടിക്കായി പൂന്തുറയിൽ എത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇവരുടെ വാഹനത്തിനുള്ളിൽ കടന്ന് ചുമയ്ക്കുകയും തൊടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നു. ഈ തെറ്റാണ് പൂന്തുറ നിവാസികൾ തിരുത്തിയത്.