തിരുവനന്തപുരം: വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുരുന്നുകൾ എത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇക്കുറി 650ഓളം കുട്ടികളാണ് വിദ്യാരംഭം കുറിക്കുന്നത്. ഉച്ചയ്ക്കു ശേഷം കുമാരസ്വാമിയുടെ എഴുന്നള്ളത്ത് ആചാര പ്രകാരം നടക്കും.
രാവിലെ 5.30 മുതൽ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. സാനിറ്റൈസർ ഉപയോഗിച്ച ശേഷമാണ് എഴുത്തിനിരുത്തുക. എഴുതാനുള്ള അരിയും തട്ടവും രക്ഷിതാക്കൾ തന്നെ കൊണ്ടുവരണം. ഒരു സമയം 50 പേർക്കു മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനം. ടോക്കൺ പ്രകാരം 20 കുട്ടികളെ ഒരുസമയം എഴുതിക്കും. കുട്ടിക്കൊപ്പം രണ്ട് രക്ഷിതാക്കൾക്ക് പ്രവേശിക്കാം. ഇവർ തന്നെയാണ് കുട്ടികളെ എഴുതിക്കുക. ഉച്ചയ്ക്ക് 2.45ഓടെയാണ് കുമാരസ്വാമിയുടെ എഴുന്നള്ളത്ത്. കാവടി ഘോഷയാത്രയിൽ ആചാരപ്രകാരം അഞ്ചു കാവടികളേ ഉണ്ടാകൂ. സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ചടങ്ങുകൾ നടത്തുകയെന്ന് ജനകീയ സമിതി പ്രസിഡൻ്റ് ജി. വേണുഗോപാലൻ നായർ പറഞ്ഞു.