തിരുവനന്തപുരം: ഭക്ഷണത്തിന് പിന്നാലെ കുറഞ്ഞ നിരക്കിൽ ഹവായ് ചെരുപ്പുകളും ലഭ്യമാക്കി പൂജപ്പുര സെൻട്രൽ ജയിൽ. 'ഫ്രീഡം വാക്ക്' എന്ന പേരിലാണ് ചെരുപ്പുകൾ വിപണിയിലെത്തിച്ചത്. മൂന്ന് ലക്ഷം രൂപ ചെലവിൽ യന്ത്രങ്ങൾ സ്ഥാപിച്ച് തടവുകാർക്ക് പരിശീലനം നൽകിയാണ് ഉല്പാദനം. ജയിലിലെ ഉല്പാദനശാലയിൽ നടത്തുന്ന ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചെരുപ്പ് നിർമാണം.
ആദ്യഘട്ടത്തിൽ അഞ്ച് ജീവനക്കാർക്ക് പരിശീലനം നൽകി. 80 രൂപയാണ് ചെരുപ്പിന്‍റെ വില. ജയിലിലെ കഫ്റ്റീരിയയോട് ചേർന്നുള്ള ഔട്ട് ലെറ്റിലാണ് വില്പന. ആദ്യദിനം തന്നെ 300 ജോഡി ചെരുപ്പുകളാണ് വിറ്റുപോയത്. കൂടുതൽ തടവുകാർക്ക് പരിശീലനം നൽകി ഉല്പാദനം വർധിപ്പിക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം.