തിരുവനന്തപുരം: സംസ്ഥാനത്ത് 74.02% പോളിങ്. വോട്ടിംഗ് കഴിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കാണിത്. രാവിലെ ഏഴുമണിയോടെ തന്നെ ബൂത്തുകളില്‍ നീണ്ട നിര സൃഷ്ടിക്കപ്പെട്ടിരുന്നു. പ്രമുഖ നേതാക്കളടക്കമുള്ളവര്‍ രാവിലെ തന്നെ തങ്ങളുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തില്‍ ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചത് തിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട്. ഉച്ചയോടെ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളില്‍ പെയ്ത മഴയും ഒറ്റപ്പെട്ട സംഘര്‍ഷങ്ങളും പോളിങ്ങിനെ ബാധിച്ചു.
കൊവിഡ് ബാധിതര്‍ക്കും, ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്കും 6 മുതല്‍ 7 വരെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളിലാണ് കള്ളവേട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇടുക്കി അതിര്‍ത്തികളില്‍ രാവിലെ കേന്ദ്രസേന സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും വൈകിട്ടോടെ കള്ള വോട്ട് നടന്നതായി യു.ഡി.എഫ് ആരോപിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇത്തവണ സ്ഥാനാര്‍ഥികള്‍ക്കെതിരെയും അതിക്രമങ്ങളുണ്ടായി. പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ഥി ഡോ സി എച്ച് ഇബ്രാഹിം കുട്ടി, ആറന്‍മുള സ്ഥാനാര്‍ഥി വീണ ജോര്‍ജ്, തളിപ്പറമ്പ് സ്ഥാനാര്‍ഥി വിപി അബ്ദുള്‍ റഷീദ്, അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി കെഎം ഷാജി എന്നിവര്‍ക്ക് നേരെയായിരുന്നു അതിക്രമം. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തളിപ്പറമ്പില്‍ കള്ള വോട്ട് ആരോപണം ഉയര്‍ന്നതോടെ റീപോളിങ് ആവശ്യവുമായി യുഡിഎഫ് രംഗത്തെത്തി. വോട്ട് ചെയ്യാനെത്തിയ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരില്‍ അക്രമം കണ്ടുനിന്നയാളും മരിച്ചു. അതിനിടെ വോട്ടിങ്ങിനായി പോയ അച്ഛനെയും മകനേയും പന്നി ആക്രമിച്ചു.
അതേസമയം വോട്ടെടുപ്പ് വേളയിലും നേതാക്കള്‍ വാക്പോരുമായി രംഗത്തെത്തി. ശബരിമല വിഷയത്തില്‍ പ്രതികരണം നടത്തിയ സുകുമാരന്‍ നായര്‍ക്കും യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. ദൈവങ്ങളും ദേവഗണങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിനിടെ സുകുമാരന്‍ നായര്‍ നേരത്തെ പ്രതികരിക്കണമായിരുന്നുവെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. അയ്യപ്പനെ തങ്ങള്‍ ഇന്ന് മാത്രമല്ല എല്ലാ കാലത്തും ഓര്‍ത്തിട്ടുണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സുകുമാരന്‍ നായരുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനും പ്രതികരിച്ചു.
പോളിങ് കഴിഞ്ഞ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കനത്ത സുരക്ഷയുള്ള സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. വോട്ടുകള്‍ പെട്ടിയിലായതോടെ അധികാരത്തില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്, ഉയര്‍ന്ന പോളിങ് തങ്ങള്‍ക്ക് അനുകൂലമെന്നാണ് യുഡിഎഫിന്‍റെ പ്രതികരണം. അതേസമയം സീറ്റ് വര്‍ധിപ്പിച്ച് സംസ്ഥാനത്ത് നിര്‍ണായക സാന്നിധ്യമാകാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.