തിരുവനന്തപുരം: രണ്ട് മണിക്കൂറോളം നീണ്ട നയപ്രഖ്യാപനപ്രസംഗത്തില്‍ സംസ്ഥാന സര്ക്കാരിന്റെ ഇതുവരെയുള്ള പദ്ധതികള്‍ക്ക് പുറമെ ഭാവി പദ്ധതികളുടെ രൂപീകരണവും ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട 18ആം ഖണ്ഡിക വിയോജിപ്പോടെ വായിച്ച ഗവര്‍ണര്‍ കേന്ദ്ര സര്ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിമര്‍ശനം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഒന്‍പത് മണിക്ക് ആരംഭിക്കാനിരുന്ന നയപ്രഖ്യാപന പ്രസംഗം 10 മിനിട്ട് വൈകി 9.10നാണ് ആരംഭിച്ചത്. 101 പേജുവരുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലെ വികസന പദ്ധതികളും പുതിയ പദ്ധതികളുടെ രൂപീകരണവും ഗവര്‍ണര്‍ പൂര്‍ണമായും വായിച്ചു. ഗോത്ര വര്‍ഗക്കാരുടെ വംശീയ ഭക്ഷണ സംസ്‌കാരം സംരക്ഷിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അട്ടപ്പാടി, ആതിരപ്പള്ളി തുടങ്ങിയ ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ പ്രത്യേക പദ്ധതി രൂപീകരിക്കും.
വയനാട് ജില്ലയില്‍ പുഷ്പ ഗ്രാമങ്ങള്‍ സ്ഥാപിക്കും. പാലക്കാട് കണ്ണമ്പ്രയില്‍ പ്രതിദിനം 200 മെട്രിക് ടണ്‍ ഉൽപാദനശേഷിയുള്ള ആധുനിക അരിമില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള തീരുമാനവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉൽപാദിപ്പിക്കാനുള്ള തീരുമാനവും നയപ്രഖ്യാപനത്തിലുള്‍പ്പെടുത്തി. ബ്ലോക്ക് തലത്തില്‍ നടക്കുന്ന പരിപാടികളും പ്രവര്‍ത്തനങ്ങളും കാലതാമസം കൂടാതെ ജനങ്ങളിലേക്കെത്തിക്കാന്‍ മൈബൈല്‍ ജേണലിസത്തിന്‍റെ മേഖലയിലേയ്ക്കും സര്‍ക്കാര്‍ പ്രവേശിക്കുന്നു. ലൈഫ് മിഷന്റെ അടുത്തഘട്ടത്തില്‍ പ്രി-ഫാബ് സാങ്കേതികവിദ്യയുടെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്ക് ബഹുനില പാര്‍പ്പിട സമുച്ഛയങ്ങള്‍ നിര്‍മിച്ച് നല്‍കുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. കുട്ടനാട് പാക്കേജ് മാതൃകയില്‍ വയനാട്ടിലും ഇടുക്കിയിലും പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കും. കെഎസ്ഇബി ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 60ലേറെ കേന്ദ്രങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും വാങ്ങുന്നതിനായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടു വരുന്ന മത്സ്യങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിന് അവരെ പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരും. എല്ലാ സംസ്ഥാന പാതകളും രണ്ട് വരി നിലവാരത്തിലേയ്ക്ക് ഘട്ടംഘട്ടമായി വികസിപ്പിക്കാനും തീരുമാനമുണ്ട്. 11.18നാണ് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അവസാനിപ്പിച്ചത്. ദേശീയഗാനത്തിന് ശേഷം സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രി എ.കെ ബാലനും ഗവര്‍ണറെ രാജ്ഭവനിലേക്ക് യാത്രയാക്കി.