തിരുവനന്തപുരം: അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തില്‍ മുൻകരുതല്‍ നടപടികൾ ശക്തമാക്കി പൊലീസ്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാല്‍ നേരിടാൻ പ്രത്യേക പൊലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നല്‍കി. വെള്ളിയാഴ്‌ച വൈകിട്ട് ആലുവയില്‍ നിന്നാണ് അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഒഡീഷയിലേക്ക് പുറപ്പെടുന്നത്. 1200 പേരാണ് ആദ്യ യാത്രയില്‍ പോകുന്നത്.
എല്ലാവർക്കും ഒന്നിച്ചു മടങ്ങാനാകില്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്നും തൊഴിലാളികളെ പറഞ്ഞു മനസിലാക്കാൻ അവരുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിക്കും. ഡിവൈഎസ്‌പി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹോം ഗാർഡുകളെയും കേന്ദ്ര സേനയിലെ ഉദ്യോഗസ്ഥരെയുമാണ് ഇതിന് നിയോഗിക്കുന്നത്. ഇന്ന് ട്രെയിന്‍ സേവനം നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ചില സ്ഥലങ്ങളിൽ അതിഥി തൊഴിലാളികൾ പ്രകടനം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികള്‍ സ്വീകരിക്കുന്നത്.