തിരുവനന്തപുരം: കാട്ടാക്കട മലയിൻകീഴിൽ മാലിന്യ നിക്ഷേപത്തിൽ നിന്നും കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ രേഖകൾ കണ്ടെത്തിയ സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയിൻകീഴ് താലൂക്ക് ആശുപത്രി റോഡിൽ അനധികൃതമായി മാലിന്യ നിക്ഷേപം നടത്തിയതിനാണ് മലയിൻകീഴ് സ്വദേശി മുബീൻ, പാറശാല സ്വദേശികളായ ഷാജി, രാജീവ്, പരശുവയ്ക്കൽ സ്വദേശി ഷാജി എന്നിവരെ പിടികൂടിയത്. മാലിന്യ നിക്ഷേപത്തിന് ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്. ഇവർ നിക്ഷേപിച്ചിരുന്ന മാലിന്യത്തിൽ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, സർക്കാർ പ്ലീഡർ, ഇരവിപുരം സ്റ്റേഷൻ എസ്.എച്ച്.ഒ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് തുടങ്ങിയവ കണ്ടെത്തിയിരുന്നു. മാലിന്യങ്ങൾ ശേഖരിച്ച് വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറയുന്നു.
ALSO READ:ദമ്പതികളെ ആക്രമിച്ച കേസ്; സഹോദരങ്ങൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
കഴിഞ്ഞ ദിവസമാണ് മേപ്പൂക്കട - താലൂക്ക് ആശുപത്രി റോഡിൽ ലോറിയിൽ മാലിന്യം നിക്ഷേപിച്ചിരുന്നത്. ദുർഗന്ധം പരന്നത്തോടെയാണ് പ്രദേശവാസികൾ സ്ഥലത്തെത്തി പരിശോധന നടത്തിയത്. മാലിന്യം നിക്ഷേപിച്ചവരെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടുമോ എന്നറിയാനായി നടത്തിയ പരിശോധനയിലാണ് പൊലീസിന്‍റെ രേഖകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ചാക്കുകളിലും കവറുകളിലുമായി ഹോട്ടൽ ഭക്ഷ്യ മാലിന്യം, ഇറച്ചി മാലിന്യം, പ്ലാസ്റ്റിക്ക് ഉൾപ്പെടെയാണ് ഇവിടെ തള്ളിയിരുന്നത്. ഇതിനൊപ്പം കിടന്ന പേപ്പർ കെട്ടിലാണ് ഇരവിപുരം സ്റ്റേഷനിൽ നിന്നുള്ള വിവിധ ഫയലുകളുടെ അസലും പകർപ്പും ഉൾപ്പടെ ഉണ്ടായിരുന്നത്. പ്രതികളെയും പിടിച്ചെടുത്ത വാഹനവും കാട്ടാക്കട കോടതിയിൽ ഹാജരാക്കും.