തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടി അനുസ്‌മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തില്‍ ഓപ്പറേറ്റര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത സംഭവം വിവാദത്തിൽ. ജൂലൈ 24ന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പ പരിപാടിയിലാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് കല്ലുമല റോഡില്‍ എസ് വി സൗണ്ട്‌സ് ഉടമ രഞ്ജിത്തിനെതിരെയാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിക്ക് മൈക്കിനെ പോലും ഭയമാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസും ഇതിനുപിന്നില്‍ ഗൂഢാലോചന ആരോപിച്ച് മറുപക്ഷവും രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതോടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. സുരക്ഷാപരിശോധന നടത്തിയശേഷം ഉപകരണങ്ങള്‍ തിരിച്ചുനല്‍കണമെന്ന് മുഖ്യമന്ത്രി പൊലീസിനോട് നിര്‍ദ്ദേശിച്ചു.
തിങ്കളാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്‌മരണം നടന്നത്. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതുമുതല്‍ കോണ്‍ഗ്രസിനുള്ളില്‍ ഇതുസംബന്ധിച്ച വിവാദങ്ങള്‍ കത്തിപ്പടരുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി അവഹേളിച്ച പിണറായി വിജയനെ ചടങ്ങിന് ക്ഷണിച്ചതിനെതിരെയായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയത്.
ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റയുടനെ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി ഏതാനും ചിലര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതും വിവാദമായി. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മൈക്ക് തകരാറിലാവുകയും അതില്‍ നിന്ന് ഉച്ചത്തില്‍ ശബ്‌ദം (ഹൗളിങ്) ഏറെ നേരം പുറത്തുവരികയും ചെയ്‌തെങ്കിലും പതിവ് അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കാതെ മുഖ്യമന്ത്രി അക്ഷോഭ്യനായി വേദിയില്‍ നിന്നു. മൈക്ക് ശരിയാക്കാന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കുമ്പോള്‍ സാരമില്ലെന്ന് മുഖ്യമന്ത്രി ആംഗ്യം കാണിക്കുന്നുമുണ്ടായിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ മൈക്ക് ഓപ്പറേറ്ററെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതതോടെ സംഭവം വീണ്ടും വിവാദമായി. ഒന്നാം പ്രതി മൈക്കും രണ്ടാം പ്രതി ആംപ്ലിഫയറുമാണെന്നായിരുന്നു സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം. മാവോ സേ-തുങ്ങിന്‍റെ കാലത്ത് ചൈനയില്‍ വിള നശിപ്പിക്കുന്ന കുരുവികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തീരുമാനിച്ചതിന് സമാനമാണ് സംഭവമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംഭവത്തിൽ സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് നൽകിയ വിശദീകരണം. പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന സംഭവങ്ങളില്‍ ചുമത്തുന്ന കേരള പൊലീസ് ആക്‌ടിലെ 118 ഇ വകുപ്പ് പ്രകാരമാണ് കേസ്. ഇന്നലെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്.
സംഭവം മനപ്പൂര്‍വമല്ലെന്നും മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ അവിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കേബിള്‍ കുരുങ്ങി ഉണ്ടായ തകരാറാണിതെന്നും ശബ്‌ദവിന്യാസ ചുമതല ഏറ്റെടുത്ത രഞ്ജിത് പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും തിക്കിത്തിരക്കി. അപ്പോള്‍ ഉണ്ടായ തിരക്കില്‍ ആളുകളുടെ കാലില്‍ കേബിള്‍ കുരുങ്ങി സൗണ്ട് ബോക്‌സ് മറിഞ്ഞു. ഇതിനിടെ ഒരു ഫോട്ടോഗ്രാഫറുടെ ബാഗ് കണ്‍സോളിലേക്ക് വീണു. ഇതാണ് തകരാര്‍ സംഭവിക്കാന്‍ കാരണം എന്നാണ് രഞ്ജിത് നൽകിയ വിശദീകരണം.
കൃത്യമായ ക്രമീകരണം ഇല്ലാത്തത് കൊണ്ടാണ് വേദിയിൽ അപ്രതീക്ഷിതമായി തിരക്ക് അനുഭവപ്പെട്ടത്. ഇത്തരം തിരക്കുണ്ടാകുന്ന പരിപാടികളിൽ കയർ കെട്ടി തിരിച്ചുള്ള ക്രമീകരണങ്ങൾ നടത്താറുണ്ടെന്നും, വേദിയിലേക്ക് എല്ലാവരും കൂടി ഇടിച്ച് കയറിയതാണ് തടസമുണ്ടാകാൻ കാരണമെന്നും രഞ്ജിത്ത് വിശദീകരിച്ചു.