തിരുവനന്തപുരം: ബിഎസ്‌എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘത്തിലെ പണമിടപാടില്‍ ക്രമക്കേടെന്ന് ആരോപണത്തില്‍ കേസെടുത്ത് പൊലീസ്. സഹകരണ സംഘത്തിലെ പണമിടപാട് സംബന്ധമായ റെക്കോഡുകള്‍ ഹാജരാക്കാന്‍ ബിഎസ്‌എന്‍എല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് നിര്‍ദേശം. സംഘത്തിലെ സ്ഥിര നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ തങ്ങളുടെ നിക്ഷേപ തുക പിന്‍വലിച്ച് മറ്റിടങ്ങളില്‍ നിക്ഷേപം നടത്തിയതും നിക്ഷേപകര്‍ക്കിടയില്‍ സംശയം വര്‍ധിപ്പിച്ചു. ബി എസ്‌എന്‍എല്ലിലെ വിരമിച്ച ജീവനക്കാര്‍ അടക്കം നിരവധി പേര്‍ക്ക് സംഘത്തില്‍ സ്ഥിര നിക്ഷേപമുണ്ട്.
നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം നിക്ഷേപകര്‍ കൂട്ടത്തോടെ പണം ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ബോര്‍ഡ് അംഗങ്ങളുടെ വിശദീകരണം.